സാഹസികതയ്ക്ക് തയ്യാറാണോ? എങ്കില്‍ ഇന്ത്യന്‍ ആര്‍മിക്കൊപ്പം സിയാച്ചിനിലേക്ക് ഒരു ട്രെക്കിംഗ് നടത്താം

0

സിയാച്ചിനെന്നു കേട്ടാല്‍ തന്നെ മനസ്സില്‍ വരുന്നത് കൊടുംതണുപ്പും ,അതിനിടയിലെ വെടിയൊച്ചകളും ആകും . സിയാച്ചിന്‍ മലനിരയില്‍ ഹിമപാതത്തില്‍ പൊഴിഞ്ഞുവീഴുന്ന  ജീവിതങ്ങളും നിരവധിയാണ് . ഇന്ത്യന്‍ സൈന്യത്തിന് മാത്രം പ്രവേശനം ഉള്ള ഇവിടെ സാധാരണ നിലയില്‍  പൗരന്‍മാര്‍ക്ക് പ്രവേശനമില്ല. എന്നാല്‍ സാഹസികര്‍ക്ക് സിയാച്ചിന്‍ സന്ദര്‍ശിക്കാന്‍ അവസരം നല്‍കാറുണ്ട് ഇന്ത്യന്‍ സൈന്യം.  എങ്ങനെ എന്നോ, ട്രക്കിംഗിലൂടെ .

2007ല്‍ ആണ് സിയാച്ചിന്‍ ഗ്ലേഷ്യര്‍ ട്രെക്ക് പദ്ധതി ആരംഭിച്ചത്. ഇന്ത്യന്‍ ആര്‍മിയുടെ അഡ്വെഞ്ചര്‍ വിംഗാണ് എല്ലാ വര്‍ഷവും പരിപാടി നടത്തുന്നത്. സൈന്യത്തിനൊപ്പം സിയാച്ചിനിലേക്ക് ട്രെക്കിംഗ് നടത്താന്‍ ഒരു സംഘത്തിനും അവസരം ലഭിക്കുന്നു. സിയാച്ചിനിലെ ബേസ് ക്യാമ്പില്‍ നിന്ന് ആരംഭിക്കുന്ന ട്രെക്കിംഗ് 60 കിലോമീറ്റര്‍ അപ്പുറം കുമാര്‍ പോസ്റ്റിലാണ് അവസാനിക്കുക. 18,300 ഫീറ്റ് ഉയരത്തിലാണ് ലക്ഷ്യ സ്ഥാനം. അപേക്ഷിക്കുന്നവരില്‍ നിന്നാണ് ആളുകളെ തെരഞ്ഞെടുക്കുക. എല്ലാ അപേക്ഷകര്‍ക്കും അവസരം കിട്ടണമെന്നും ഇല്ല. 13 ദിവസത്തെ പര്യടനത്തിനായി മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന തയ്യാറെടുപ്പ് വേണം എന്ന് മാത്രം .കാലാവസ്ഥയുമായി പൊരുത്തപ്പെടണം, മികച്ച ആരോഗ്യസ്ഥിതി വേണം, മെഡിക്കല്‍ ചെക്കപ്പുകളില്‍ വിജയിക്കണം തുടങ്ങി കടമ്പകള്‍ ഒരുപാട്. സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലായാണ് സിയാച്ചിനിലേക്ക് സൈന്യത്തിനൊപ്പം ട്രെക്കിംഗിന് അനുമതി ലഭിക്കുക.

2013 വരെ ഇന്ത്യന്‍ മൗണ്ടയനേറിംഗ് ഫൗണ്ടേഷനായിരുന്നു ആളുകളെ തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ആര്‍മി വെബ്‌സൈറ്റിലേക്കാണ് അപേക്ഷകള്‍ അയക്കേണ്ടത്. തെരഞ്ഞെടുക്കുന്നതും അവര്‍ തന്നെ. ഏപ്രില്‍/മേയ് മാസങ്ങളിലാണ് അപേക്ഷ അയക്കേണ്ടത്. ആദ്യം എത്തുന്ന അപേക്ഷകള്‍ക്കാണ് മുന്‍ഗണന. പര്‍വ്വതങ്ങളിലും മലകളില്‍ ട്രെക്കിംഗ് പരിചയമുള്ളവര്‍ക്കും ഒരു അടിസ്ഥാന മൗണ്ടയനീറിംഗ് കോഴ്‌സ് പാസായവര്‍ക്കുമാണ് അവസരം. ഈ വര്‍ഷം 45 സാഹസികരാണ് ട്രെക്കിംഗിന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ട്രെക്കിംഗിന് അപേക്ഷിക്കേണ്ടത്  ഇന്ത്യന്‍ ആര്‍മി വെബ്‌സൈറ്റിലൂടെയാണ്.