ആന എഴുന്നള്ളിപ്പ്: കർശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി

0

കൊച്ചി: മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി. ജസ്റ്റീസ്‌ എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റീസ്‌ എ. ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഉത്തരവിട്ടത്. തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിര്‍ത്തരുതെന്നും നല്ല ഭക്ഷണം, വിശ്രമം എന്നിവക്കൊപ്പം എഴുന്നള്ളിക്കാൻ ആവശ്യമായ സ്ഥലം, പൊതുജനങ്ങളിൽ നിന്ന് നിശ്ചിത ദൂരം എന്നിവ പരിശോധിച്ച് ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.

പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നാണ് പ്രധാന മാര്‍ഗനിര്‍ദേശം. ജില്ലാ തല സമിതി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചായിരിക്കണം ആന എഴുന്നള്ളിപ്പിന് അനുമതി നല്‍കേണ്ടത്. എഴുന്നള്ളത്തിൽ ആനകള്‍ തമ്മിലുള്ള അകലം മൂന്നു മീറ്റര്‍ ആയിരിക്കണം.

എഴുന്നള്ളിപ്പിനിടെ എലിഫന്‍റ് സ്ക്വാഡ് എന്ന പേരിൽ ആളുകളെ നിയോഗിക്കുന്നതിനും ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. ഇതുസംബന്ധിച്ച ദേവസ്വങ്ങള്‍ക്കാണ് നിര്‍ദേശം നൽകിയത്. ആനകളെ പിടികൂടാൻ ക്യാപ്ച്ചർ ബെൽറ്റ് ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിട്ടു. ഗുരുവായൂർ, കൊച്ചിൻ, തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡുകൾക്ക് ആണ് നിർദേശം.

എഴുന്നള്ളിപ്പിൽ പാലിക്കേണ്ട മറ്റു പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍

  • ആനയും തീവെട്ടിപോലുള്ള ഉപകരണങ്ങളും തമ്മിൽ അഞ്ച് മീറ്റര്‍ ദൂര പരിധിയുണ്ടായിരിക്കണം
  • ജനങ്ങളും ആനയും തമ്മിൽ എട്ടു മീറ്റർ ദൂര പരിധി ഉറപ്പാക്കണം
  • ആനകള്‍ നിൽക്കുന്ന സ്ഥലത്ത് ബാരിക്കേഡ് സംവിധാനമുണ്ടാകണം
  • മാർഗ്ഗ നിർദേശങ്ങൾ പാലിക്കാത്ത എഴുന്നള്ളത്തുകൾക്ക് ജില്ലാതല സമിതി അനുമതി നൽകരുത്
  • തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിര്‍ത്തരുത്
  • ദിവസം 30 കി.മീ കൂടുതൽ ആനകളെ നടത്തിയ്ക്കരുത്
  • രാത്രി 10 മുതൽ രാവിലെ 4 മണി വരെ ആനയെ യാത്ര ചെയ്യിക്കരുത്
  • രാത്രിയിൽ ആനയ്ക്ക് ശരിയായ വിശ്രമ സ്ഥലം സംഘാടകർ ഉറപ്പു വരുത്തണം
  • ദിവസം 125 കി.മീ കൂടുതൽ ആനയെ യാത്ര ചെയ്യിക്കരുത്
  • പിടികൂടിയ ആനകളെ ഉപയോഗിക്കുമ്പോൾ ബന്ധപ്പെട്ട ജില്ലാ സമിതിയുടെ അനുമതി വാങ്ങണം
  • എഴുന്നള്ളിപ്പിനായി ഒരു മാസം മുൻപ് അപേക്ഷ സമർപ്പിക്കണം
  • ദിവസം ആറ് മണിക്കൂറിൽ കൂടുതൽ വാഹനത്തിൽ ആനയെ കൊണ്ടുപോകരുത്
  • ആനയെ കൊണ്ടു പോകുന്ന വാഹനത്തിന്‍റെ വേഗത 25 കി.മീറ്ററിൽ താഴെയാകണം
  • ആനയുടെ യാത്രയ്ക്കായി ഉപയോഗിക്കുന്ന വാഹനത്തിന് വേഗപ്പൂട്ട് നിർബന്ധം
  • രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ആനകളെ പൊതുനിരത്തിലൂടെ എഴുന്നള്ളിക്കരുത്
  • വെടിക്കെട്ട് സ്ഥലവും ആനയും തമ്മിൽ 100 മീറ്റർ ദൂര പരിധി വേണം