കാഴ്ചക്കാരെ അമ്പരപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്ന നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ ഇതിനകം പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. ഓരോ വീഡിയോയും അതിന് മുമ്പത്തെ വീഡിയോയെക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്നതായിരിക്കും. ഏറ്റവും ഒടുവിലായി ഈ ഗണത്തിലേക്ക് ചേര്‍ക്കപ്പെട്ടതാണ് ഒരു ഒട്ടകവുമായി ബൈക്കില്‍ പോകുന്ന രണ്ട് യുവാക്കളുടെ വീഡിയോ. ജിസ്റ്റ് ന്യൂസ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. അത്യാവശ്യം തിരക്കുള്ള റോഡില്‍ കൂടിയാണ് ഒട്ടകത്തിന്‍റെ യാത്ര. എന്നാല്‍ വീഡിയോയ്ക്കെതിരെ രൂക്ഷവിമർശനവുമായി സമൂഹ മാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി.
‘രണ്ട് പേർ ബൈക്കിൽ ഒട്ടകത്തെ ചുമന്നു കൊണ്ടു പോകുന്ന വീഡിയോ ഇന്‍റർനെറ്റിനെ ഞെട്ടിച്ചു. എന്നിരുന്നാലും, ഈ വീഡിയോ എപ്പോൾ എവിടെയാണ് വച്ചാണ് റെക്കോർഡ് ചെയ്തത് എന്നതിനെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ല.’ വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതി. വീഡിയോയില്‍ ഒരാൾ ബൈക്ക് ഓടിക്കുമ്പോള്‍ പിന്നിലുള്ളയാള്‍ തന്‍റെ മടിയിൽ ഒട്ടകത്തെ പിടിച്ചിരിക്കുന്നത് കാണാം. ഇത്രയും വലിയൊരു മൃഗത്തെ ഇത്ര അനായാസമായി എങ്ങനെയാണ് ഒരു ബൈക്കില്‍ കൊണ്ടു പോകാന്‍ കഴിയുന്നത് എന്നതായിരുന്നു കാഴ്ചക്കാരുടെ സംശയം.
ഒട്ടകത്തിന്‍റെ നാല് കാലുകളും തമ്മില്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. മുന്‍കാലുകളും കഴുത്തും തമ്മില്‍ കൂട്ടി കെട്ടിയിരുന്നു. ബൈക്കിന്‍റെ പിന്നിലിരിക്കുന്നയാള്‍ ഒട്ടകത്തിന്‍റെ വാൽ മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ചു. ബൈക്കിന് തൊട്ടില്‍ പിന്നിലെ വാഹനത്തില്‍ നിന്നാണ് വീഡിയോ ഷൂട്ട് ചെയ്തിരുന്നത്. ഒരു ഒട്ടകം ബൈക്കിലിരുന്ന് പോകുമെന്ന് ഇതുവരെ ചിന്തിച്ചിരുന്നില്ലെന്ന് ചിലര്‍ കുറിച്ചു. വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രത്യേക ശ്രദ്ധ നേടി. ‘ഇത് കാണുമ്പോൾ എനിക്ക് വളരെ നിരാശ തോന്നുന്നു. ഈ വീഡിയോയുടെ ഓഡിയോ തെരഞ്ഞെടുക്കുന്നത് കാണാനും അതിനെ തമാശയാക്കാനും ശ്രമിക്കുന്നതിനെ വെറുക്കുന്നു! വളരെ തെറ്റ്.’ ഒരു കാഴ്ചക്കാരന്‍ എഴുതി. അറസ്റ്റ് ചെയ്യണം എന്നായിരുന്നു മറ്റൊരു കുറിപ്പ്. ‘ഒട്ടകം സവാരി ആസ്വദിക്കുന്നുവെന്ന് എനിക്ക് ഉറപ്പില്ല.’ എന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. ‘ഇത് തമാശയല്ല. മൃഗങ്ങളോടുള്ള ക്രൂരത’ യാണെന്ന് കുറിച്ചത് നിരവധി പേരാണ്.