പല വേഷങ്ങളും കെട്ടിയും ആടിയും നോക്കി. കഴിവില്ലാഞ്ഞിട്ടല്ല. പക്ഷേ എന്തോ ഒരു ഇത്. ശ്രുതി സാവന്ത് എന്ന ഇനിയക്ക് വാകൈ ചൂട വാ എന്ന കോളിവുഡ് ചിത്രം നല്‍കിയത് അത്രയും വലിയ പ്രതീക്ഷ ആയിരുന്നു. എങ്കിലും കാര്യങ്ങള്‍ അങ്ങട് ശര്യായില്യ. 2011-ല്‍ ഇറങ്ങിയ ആ ചിത്രത്തിനു ശേഷം ഇന്നോളം വരെ തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലായി മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ഒന്നും പ്രതീക്ഷിച്ച വിജയം കണ്ടില്ല.
“ഓരോ ആഴ്ചയും ഓരോ പുതിയ നടികള്‍ എത്തുന്ന സിനിമാ രംഗത്ത് പിടിച്ചു നില്‍ക്കുക പ്രയാസം തന്നെയാണ്. അത്രയും മാത്സര്യം നിറഞ്ഞതായി സിനിമാരംഗം. എങ്കിലും കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്ത് അഭിനയിച്ചാല്‍ നിലനില്‍ക്കാം,’’ ഇങ്ങനെ പറഞ്ഞായിരുന്നു ഇനിയ ആദ്യം സമാധാനിച്ചത്. അഭിനയിച്ച ചിത്രങ്ങളൊക്കെ ഒന്നൊന്നായി എട്ടും പതിനാറും നിലയില്‍ പൊട്ടാന്‍ തുടങ്ങിയപ്പോള്‍ ആഗ്രഹങ്ങളും മാറ്റിച്ചവിട്ടാന്‍ തുടങ്ങി, കണ്ടാല്‍ പറയില്ലെങ്കിലും ഈ തിരുവനന്തപുരം സ്വദേശി. അതില്‍ ആദ്യ പ്രഖ്യാപനം “എനിക്ക് നൃത്തത്തിലാണ് താല്‍പര്യം’’ എന്നായിരുന്നു. ആ വഴിക്ക് ചില നൃത്തരംഗങ്ങള്‍ അതായത് ഐറ്റം ഡാന്‍സ് അവസരങ്ങള്‍ ഇനിയയെ തേടി വന്നു. ആ രംഗത്തും പുതുമുഖ നടികളുടെ തള്ളിക്കയറ്റം ഭീഷണി ആയതോടെ ഇനി എന്തു ചെയ്യും എന്ന ആലോചനയില്‍ നിന്നാണ് “എനിക്ക് എയര്‍ ഹോസ്റ്റസ് ആകണം’’ എന്ന ആഗ്രഹം ഇനിയ പ്രകടിപ്പച്ചത്. അഭിനയം കഴിഞ്ഞാല്‍ ജീവിതത്തില്‍ ആഗ്രഹിച്ച തൊഴില്‍ എയര്‍ ഹോസ്റ്റസിന്റേതായിരുന്നത്രെ. സിനിമയിലെ ഉയരങ്ങളിലെത്താന്‍ കഴിയാത്തതിന്റെ നിരാശ കൊണ്ടാണോ എന്നറിയില്ല ആ ആഗ്രഹവും പറന്നു പൊങ്ങിയില്ല.
ആ നിരാശയില്‍ നിന്നാണ് ഇനിയ ബി ബി എ പഠിക്കാന്‍ തീരുമാനിച്ചത്. അതു കഴിഞ്ഞ് എം ബി എ. അതും കഴിഞ്ഞാലോ? “ഒരു വ്യവസായ സംരംഭക ആകണം എനിക്ക്’’ വീണ്ടും ഇനിയയുടെ പ്രഖ്യാപനം. എന്താണ് വ്യവസായമെന്ന് ആരും ചോദിക്കരുത്. ഈ പഠനത്തിനിടയിലും ഇനിയ അഭിനയിച്ച് ചിത്രീകരണം തുടരുന്ന സിനിമാപ്പട്ടികയുടെ നീളം വര്‍ധിച്ചു കൊണ്ടേയിരിക്കുകയാണ്, ഒരിക്കലും പൂര്‍ത്തിയാകാത്ത ചിത്രങ്ങള്‍ പോലെ. വീണ്ടും ഒരു ഓഫര്‍ പ്രേത രൂപത്തിലായിരുന്നു ഇനിയയെ തേടി എത്തിയത്. മുമ്പ് മാസാനി എന്ന ചിത്രത്തില്‍ പ്രേതമായി അഭിനയിച്ച് കൈ പൊള്ളിയ അനുഭവം ഇനിയക്ക് ഉണ്ടെങ്കിലും, പൊട്ട് എന്ന ചിത്രത്തിലൂടെ വീണ്ടും ഒരു പ്രേതമായി കോളിവുഡില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ഇനിയ ഇപ്പോള്‍. നായകന്‍ ഭരത്തും. ഇനിയയുടെ കഥാപാത്രത്തിന്റെ പേരും പൊട്ട് എന്നു തന്നെ. പൊട്ടിപ്പോകാതിരുന്നാല്‍ മതി!