എം ശിവശങ്കര്‍ അറസ്റ്റില്‍

0

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ്. . ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനുശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആണ് ശിവശങ്കറെ അറസ്റ്റുചെയ്തത്.

30 ലക്ഷം ഒളിപ്പിക്കാന്‍ സ്വപ്‌ന സുരേഷിനെ ശിവശങ്കര്‍ സഹായിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയാണ് ശിവശങ്കറിനെതിരെ നിര്‍ണായകമായത്. വ്യാഴാഴ്ച അദ്ദേഹത്തെ എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിലാണ് ശിവശങ്കറെ ചോദ്യം ചെയ്തിരുന്നത്. ബുധനാഴ്ച വൈകുന്നേരം 3.15 ഓടെയാണ് ശിവശങ്കറിനെ കൊച്ചിയിലെ ഓഫീസില്‍ എത്തിച്ചത്. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈ കോടതി വിധി വന്നതിന് തൊട്ടുപിന്നാലെയാണ് ശിവശങ്കറിനെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. സ്വര്‍ണകടത്തിന്റെ ഗൂഢാലോചനയില്‍ എം. ശിവശങ്കറിന് സജീവ പങ്കുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ വാദം.

നേരത്തെ ഇ.ഡിയുടെ സ്‌പെഷ്യല്‍ ഡയറക്ടര്‍ സുശീല്‍ കുമാര്‍ ചെന്നൈയില്‍നിന്ന് കൊച്ചിയിലെത്തി അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതിയിലെ എന്‍ഫോഴ്‌സ്‌മെ‌ന്റിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലിനെ ഇ.ഡി വിളിച്ചുവരുത്തി നിയമവശങ്ങള്‍ ചര്‍ച്ച ചെയ്യുകയുമുണ്ടായി.