രാജ്യത്തെ വിസ നയത്തില്‍ മാറ്റം വരുത്തി യുഎഇ. ഇനി മുതല്‍ 10 വര്‍ഷത്തെ താമസ വിസ അനുവദിക്കാനാണ് പുതിയ തീരുമാനം. വ്യവസായികളെയും വിദ്യസമ്പന്നരായവരെയും ലക്ഷ്യമിട്ടാണ് പുതിയ വിസാ പരിഷ്‌കാരം. കഴിവുള്ളവരെ യുഎഇക്ക് വേണമെന്നാണ് ഭരണകൂടം ഇതിലൂടെ വ്യക്തമാക്കുന്നത്. ഒട്ടേറെ പുതിയ പരിഷ്‌കാരങ്ങള്‍ യുഎഇ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗള്‍ഫ് വിട്ട് പ്രവാസികള്‍ സ്വന്തം നാട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനങ്ങള്‍. യുഎഇ കൂടുതല്‍ ആകര്‍ഷക രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നീക്കം.
ഉന്നതമായ വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് യുഎഇ മന്ത്രിസഭ വ്യക്തമാക്കി. രണ്ടും, മൂന്നും വര്‍ഷത്തേക്കാണ് നിലവില്‍ രാജ്യത്ത് താമസവിസ അനുവദിക്കുന്നത്. ഇതാണ് യുഎഇ മന്ത്രിസഭ മാറ്റം വരുത്തിയിരിക്കുന്നത്. ഇതിനു പുറമെ പ്രവാസി നിക്ഷേപകര്‍ക്ക് യുഎഇയില്‍ 100 ശതമാനം ഉടമസ്ഥതയില്‍ സ്ഥാപനം തുടങ്ങാനുള്ള അനുമതിക്കും മന്ത്രിസഭ പച്ചക്കൊടി നല്‍കി. ഇതിലൂടെ നിക്ഷേപ മേഖലയില്‍ കുതിച്ച് ചാട്ടമാണ് യുഎഇ പ്രതീക്ഷിക്കുക.
പുതിയ മാറ്റം കൂടുതല്‍ വ്യവസായികളെ യുഎഇയിലേക്ക് ആകര്‍ഷിക്കുമെന്ന് ഉറപ്പാണ്. മെഡിക്കല്‍, ശാസത്രം, ഗവേഷണം, സാങ്കേതിക മേഖല, വന്‍കിട സംരഭകര്‍ തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് 10 വര്‍ഷത്തെ താമസ സൗകര്യം യുഎഇ ഒരുക്കുന്നത്. കഴിവുള്ളവരെ മാടിവിളിക്കുകയാണ് യുഎഇ. ഇവരുടെ സേവനം യുഎഇക്ക് ലഭിക്കുന്നതോടെ ആഗോള രംഗത്തെ ഇഷ്ട രാജ്യമായി യുഎഇ മാറുമെന്ന് ഭരണകൂടം കണക്കുകൂട്ടുന്നു.
ഈവര്‍ഷം അവസാനത്തോടെ പുതിയ തീരുമാനം നടപ്പില്‍ വരും. വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് യുഎഇ വൈസ് പ്രസിഡന്റ് നിര്‍ദേശം നല്‍കി. നിലവിലെ താമസ വിസാ പദ്ധതി പുനരവലോകനം ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു. താമസ വിസയുടെ കാലാവധി നീട്ടുന്ന കാര്യം ഭരണകൂടം ആലോചിക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെ താമസ വിസാ കാലവധി പൂര്‍ത്തിയായട്ടുണ്ടെങ്കില്‍ പരിധി നീട്ടുന്നതാണ് ആലോചിക്കുന്നത്. സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് തുടര്‍ന്നും യുഎഇയില്‍ താമസിക്കാന്‍ സാധിക്കുന്ന വിധത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്നാണ് വിവരം. പഠനം പൂര്‍ത്തിയായവര്‍ക്ക് പ്രായോഗിക പരിശീലനം യുഎഇയില്‍ തന്നെ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം.