കേരളം നിപ്പാ വൈറസ് ഭീതിയില്‍; നിപ വന്നത് 1998 ല്‍ മലേഷ്യയില്‍ നിന്നും,മുയലുകളോടും പൂച്ചകളോടുമുള്ള സംസർഗം ഒഴിവാക്കുക; വവ്വാലുകൾ കടിച്ച പഴങ്ങൾ ഒരു കാരണവശാലും കഴിക്കരുത് എന്ന് നിര്‍ദേശം

0

കേരളം നിപ്പാ വൈറസ്‌ ഭീതിയില്‍. നിപ്പാ വൈറസ്‌ ലോകത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് പത്തുവര്‍ഷം മുന്‍പ് മലേഷ്യയിലാണ്. ഹെനിപാ വൈറസ് ജീനസിലെ ഒരു പുതിയ അംഗം ആയിരുന്നു ഇത്. മലേഷ്യയിലെ ‘കാമ്പുംഗ് ബാരു സുംഗായി നിപ’ എന്ന സ്ഥലത്ത് നിന്ന് ആദ്യം വേര്‍തിരിച്ചെടുത്തതുകൊണ്ടാണ് വൈറസിന് നിപ്പാ വൈറസ് എന്ന പേരു വന്നത്. പാരാമിക്‌സോ വൈറിഡേ ഫാമിലിയിലെ അംഗമാണ് നിപ്പാ.

മലേഷ്യയില്‍ 1998-ല്‍ എന്‍നിനോയുടെ ഭാഗമായി ഉണ്ടായ വരള്‍ച്ചാ കാലത്താണ് ആദ്യം ഈ വൈറസ് പ്രത്യക്ഷപ്പെട്ടത്. വ്യാപിച്ചതോടെ സിംഗപ്പൂരിലും മലേഷ്യയിലും ഒട്ടേറെ ജീവന്‍ നിപാ അപഹരിച്ചു. നിപ്പാ വൈറസ് ബാധയില്‍ കനത്ത നാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ബംാദേശിലാണ്. പലതവണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ബംാദേശിലും സമീപപ്രദേശങ്ങളിലുമായി ഇതുവരെ 150ഓളം മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2001 മുതലുള്ള കണക്കാണിത്. പലപ്പോഴും റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ 50 ശതമാനത്തിനു മുകളിലായിരുന്നു മരണം.<

മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന വൈറസ് എന്ന നിലയിലാണ് നിപ്പാ വൈറസ് കൂടുതൽ അപകടകാരിയാകുന്നത്. നിപ വൈറസ് വവ്വാലുകളിൽനിന്ന് മുയൽ, പൂച്ച തുടങ്ങിയ ജീവികളിലേക്കും അവയിൽനിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും പകരുകയാണ് ചെയ്യുന്നത്. കോഴിക്കോട് ചങ്ങോരത്ത് പനി ബാധിച്ച് മരണപ്പെട്ട ഒരു കുടുംബത്തിലെ മൂന്നുപേരുടെ രക്ത സാമ്പിളുകള്‍ പുനെയിലെ െവെറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധിച്ചപ്പോള്‍, മാരകമായ നിപോ െവെറസ് ബാധയാണു മരണകാരണമെന്നു സ്ഥിരീകരിക്കുകയായിരുന്നു. 

വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാന്‍ വളരെ വലിയ സാധ്യതയുണ്ട്. അതുപോലെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം. അഞ്ച് മുതല്‍ 14 ദിവസം വരെയാണ് ഇന്‍കുബേഷന്‍ പീരിയഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

പ്രതിരോധം മാത്രമാണ്  രോഗം തടയാനുള്ള പോംവഴി. വൈറസ് ബാധയേറ്റവരെ പ്രത്യേക ശ്രദ്ധയോടെ െഎസൊലേറ്റ് ചെയ്ത് ഇന്റൻസിവ് കെയർ യൂണിറ്റില്‍ പ്രവേശിപ്പിക്കുക.  രോഗിയെ പരിചരിക്കുന്നവർ കൈ സോപ്പുപയോഗിച്ച് ഇടവിട്ട് കഴുകണം. രോഗിയുടെ വസ്ത്രങ്ങൾ പ്രത്യേകം സൂക്ഷിക്കണം. സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക. രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.