കൊറോണ മൂന്നാം തരംഗ ഭീതിനിലനിൽക്കേ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടെന്ന് കരുതുന്ന കൊറോണ വൈറസിനെ പഠിക്കാൻ പുതിയ സമിതി. ലോകാരോഗ്യ സംഘടനയാണ് വിപൂലീകരിച്ച വിദഗ്ധ സമിതി രൂപീകരിച്ചത്. 26 ശാസ്ത്രജ്ഞരടങ്ങുന്ന സംഘമാണ് ഇനി കൊറോണ മഹാമാരിയെക്കുറിച്ച് ചൈനയിലടക്കം എത്തി പരിശോധനയും ഗവേഷണവും നടത്തുക. കൊവിഡിന്‍റെ ഉറവിടം കണ്ടെത്താനുള്ള അവസാന അവസരമായിരിക്കും ഇതെന്നാണ് സംഘത്തിന് രൂപം നൽകി ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടത്.
ചൈനയിലെ വുഹാനിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത് ഒന്നര വർഷം പിന്നിട്ടു. ഇപ്പോഴും എങ്ങിനെയാണ് വൈറസ് എത്തിയതെന്ന് കണ്ടെത്താൻ ആയിട്ടില്ല. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടർന്നതാണോ ഏതെങ്കിലും ലാബിൽ നിന്നും വൈറസ് ചോർന്നതാണോ എന്ന സാധ്യതകളാണ് പരിശോധിക്കുന്നത്. മതിയായ വിവരങ്ങൾ ലഭ്യമല്ലാത്തതും ചൈനയുടെ നിസഹകരണവുമാണ് പ്രധാന തടസ്സം. ഈ സാഹചര്യത്തിലാണ് കൊറോണ മഹാമാരിയുടെ പഠനത്തിനായുള്ള ഉപദേശകസമിതി എന്ന നിലയിലാണ് 26 ശാസ്ത്രജ്ഞരെ പ്രഖ്യാപിച്ചിരിക്കുന്നത്.
700 അപേക്ഷകരിൽ നിന്നാണ് 26 പേരെ തെരഞ്ഞെടുത്തതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. അന്താരാഷ്‌ട്രതലത്തിൽ ലോകത്തിലെ എല്ലാ പ്രമുഖ വൈറോളജി പഠന രാജ്യങ്ങളുടേയും കൂട്ടായ്മയാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. അമേരിക്കൻ ഗവേഷകയായ ഡോ. ഇൻഗർ ഡാമോണാണ് സമിതിയിലെ പ്രമുഖൻ. എബോള വൈറസ് നിയന്ത്രണത്തിൽ പ്രമുഖ പങ്കുവഹിച്ച ശാസ്ത്രജ്ഞനാണ് ഇൻഗർ. ചൈനീസ് വിദഗ്ധനായ ഡോ. യൂൻഗായ് യാംഗും സമിതിയിലുണ്ട്.