കോഴിക്കോട്ട് കോവിഡ് രോഗിയായ യുവതിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

0

കോഴിക്കോട്: കോവിഡ് രോഗിയെ ആശുപത്രിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കോഴിക്കോട് ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജിലെ കോവിഡ് സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയാണ് പൊലീസിനെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞത്.

ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. രാത്രി ഡോക്ടറെ കാണിക്കാനാണെന്നു പറഞ്ഞ് ആശുപത്രി ജീവനക്കാരനായ അശ്വിനാണ് കോവിഡ് രോഗിയായ യുവതിയെ ആശുപത്രിയിലെ നാലാം നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത് എന്നാണ് പരാതി.

യുവതിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ മാതാപിതാക്കളെയും പിന്നീട് കോവിഡ് പോസിറ്റീവായി ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്തോളി പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തും. ആശുപത്രി അധികൃതരും അന്വേഷണം നടത്തുന്നുണ്ട്. പിതാവ് ഹൃദ്രോഗിയായതിനാല്‍ മാതാവിനൊപ്പം ഒരു മുറിയില്‍ സൗകര്യം ചെയ്തുകൊടുക്കണമെന്ന് യുവതി ആശുപത്രി അധികൃതരോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യുവതി മുറിയില്‍ തിരിച്ചെത്തിയപ്പോഴാണ് ജീവനക്കാരനായ അശ്വിന്‍ യുവതിയെ ശല്യംചെയ്യാന്‍ തുടങ്ങിയത്.

ജീവനക്കാരന്‍ ആദ്യം ഫോണില്‍ ശല്യം ചെയ്തുവെന്നു പരാതിക്കാരി പറഞ്ഞു. ആശുപത്രിയിലെ രജിസ്റ്ററില്‍നിന്ന് യുവതിയുടെ നമ്പര്‍ ശേഖരിച്ച അശ്വിന്‍ ആദ്യം വാട്‌സാപ്പിലേക്ക് നിരന്തരം അശ്ലീലച്ചുവയിലുള്ള സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. മോശമായ രീതിയില്‍ സന്ദേശമയക്കുന്നത് തുടര്‍ന്നതോടെ യുവതി ഡോക്ടര്‍മാരെ പരാതി അറിയിച്ച് മുറിയില്‍ തിരിച്ചെത്തി. ഇതിനുപിന്നാലെയാണ് പി.പി.ഇ. കിറ്റ് ധരിച്ചെത്തിയ ജീവനക്കാരന്‍ ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയത്.

ഡോക്ടറോടും മറ്റും പറഞ്ഞിട്ടും നടപടിയുണ്ടായില്ല. എന്നാല്‍ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. അത്തോളി പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തും. ആശുപത്രി അധികൃതരും അന്വേഷണം നടത്തുന്നുണ്ട്.