ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം. പലയിടങ്ങളിലും കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ചെങ്കോട്ടയിലും നഗരഹൃദയമായ ഐടിഒയിലും കർഷകർ പ്രവേശിച്ചു. ചെങ്കോട്ടയിൽ കയറിയ കർഷകരെ തടയാൻ പൊലീസിന് കഴിഞ്ഞില്ല. ചെങ്കോട്ട കീഴടക്കിയ കർഷകർ പതാക സ്ഥാപിച്ചു.
കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും സമരക്കാര്‍ പിന്‍വാങ്ങിയില്ല. അതോടെ പോലീസ് പല സ്ഥലത്തും ട്രാക്ടറിലെത്തിയവര്‍ക്ക് നേരെ ലാത്തിവീശി. ട്രാക്ടറുമായി സമരക്കാക്കാരും ചെറുത്തു. പരസ്പരം ഏറ്റുമുട്ടലായി. ഡല്‍ഹി യുദ്ധക്കളമായി മാറുകയായിരുന്നു. ആയിരക്കണക്കിന് കര്‍ഷകരാണ് പതാകകളും മുദ്രാവാക്യങ്ങളുമായി ചെങ്കോട്ടയില്‍ പ്രവേശിച്ചത്. ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. ഇതിനിടെ ഡല്‍ഹി ഐടിഒയില്‍ കര്‍ഷകരെ നിയന്ത്രിക്കാന്‍ കേന്ദ്രസേന രംഗത്ത് എത്തി.
ട്രാക്ടര്‍ റാലിക്കിടെ നടന്ന സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചു. കര്‍ഷകന്റെ മൃതദേഹവുമായി കര്‍ഷകര്‍ റോഡ് ഉപരോധിച്ചു. ഐടിഒയിൽ കർഷകൻ മരണപ്പെട്ടതിനെ ചൊല്ലി വിവാദം. പൊലീസ് വെടിവെപ്പിലാണ് കർഷകൻ കൊല്ലപ്പെട്ടതെന്ന് സമരക്കാർ ആരോപിക്കുമ്പോൾ അമിതവേഗതയിൽ വന്ന ട്രാക്ടർ മറിഞ്ഞാണ് കർഷകൻ മരിച്ചതെന്നാണ് പൊലീസ് ഭാഷ്യം.
പൊലീസ് ധാരണകള്‍ ലംഘിച്ചുവെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു. എട്ടുമണിക്ക് ബാരിക്കേട് തുറന്നുനല്‍കിയില്ല. ട്രാക്ടര്‍ റാലിക്ക് അനുവദിച്ച വഴികള്‍ ബാരിക്കേട് ഉപയോഗിച്ച് അടച്ചുവെന്നും കര്‍ഷകര്‍ ആരോപിച്ചു. അതേസമയം, കര്‍ഷക റാലിക്കെതിരെ ഡല്‍ഹി പൊലീസ് സുപ്രിംകോടതിയെ സമീപിക്കും. സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടും.
അതിനിടെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്ടര്‍ മാര്‍ച്ച് അക്രമാസക്തമായതോടെ ഇന്ദ്രപ്രസ്ഥ മെട്രോ സ്‌റ്റേഷനും ഗീന്‍ ലൈനിലെ സ്‌റ്റേഷനുകളും അടച്ചു. ഡല്‍ഹിയിലേക്കുളള റോഡുകളും അടച്ചു.
കർഷകസമരം അട്ടിമറിക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നതായി കർഷകസമരനേതാക്കൾ. സമരത്തിനിടെ ബോധപൂർവ്വം അക്രമത്തിന് ശ്രമിച്ചവരെ തിരിച്ചറിഞ്ഞതായും കർഷക നേതാക്കൾ പറഞ്ഞു. ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനില്‍ എത്തിയ കര്‍ഷകര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. കര്‍ഷകരെ അടിച്ചോടിച്ച പൊലീസ് കര്‍ഷകര്‍ വന്ന വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. ട്രാക്ടറുകളുടെ കാറ്റ് അഴിച്ചുവിടുകയും ഇന്ധനടാങ്ക് തുറന്നുവിടുകയും ചെയ്തു.
നേരത്തെ, സിംഗുവില്‍ നിന്ന് തുടങ്ങിയ കര്‍ഷകരുടെ ട്രാക്ടര്‍ റാലി പൊലീസ് തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം ഉണ്ടായി. പൊലീസ് കര്‍ഷകര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. ട്രാക്ടര്‍ റാലി റിപ്പബ്ലിക് ദിന പരേഡിന് ശേഷം ആരംഭിക്കണമെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ എട്ടുമണിയോടെ റാലി ആരംഭിക്കാന്‍ പൊലീസ് അനുവാദം നല്‍കിയെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. ഇത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.