ജോ ബൈഡനെ അഭിനന്ദിക്കാതെ ചൈനയും റഷ്യയും; വോട്ടെണ്ണൽ പൂർത്തിയായിട്ടില്ലെന്ന് വിശദീകരണം

0

വാഷിംഗ്ടൺ: ജോ ബൈഡൻ 290 ഇലക്ട്രൽ സീറ്റുകൾ നേടി അമേരിക്കൻ പ്രസിഡന്റ് പദവി ഉറപ്പിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള രാഷ്ട്ര നേതാക്കള്‍ ഇതിനോടകം ബൈഡനെ അഭിനന്ദിച്ചു കഴിഞ്ഞിട്ടും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും ഇതുവരെ ബൈഡന്റെ ജയം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇതുവരെയും ഇരു രാജ്യങ്ങളും ബൈഡന്റെ വിജയത്തിൽ പ്രതികരിച്ചിട്ടില്ല.

നിലവിലെ യുഎസ് പ്രസിഡന്റും ബൈഡന്റെ എതിരാളിയുമായ ഡൊണാള്‍ഡ് ട്രംപ് ഇതുവരെ തോല്‍വി അംഗീകരിച്ചിട്ടില്ല എന്നതും ചൈനയുടെയും റഷ്യയുടെയും മൗനത്തിന് പിന്നിലുണ്ടെന്നാണ് സൂചന. വോട്ടെണ്ണല്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നാണ് ചൈനയുടെ വിശദീകരണം. അതേസമയം ബൈഡന്‍ വിജയിച്ചിട്ടില്ലെന്നും നിയമപോരാട്ടത്തിലേക്ക് കടക്കുമെന്നുമാണ് ട്രംപിന്റെ നിലപാടെങ്കിലും ബൈഡന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കൾ ട്വിറ്ററിൽ അഭിനന്ദനം അറിയിച്ചിരുന്നു.