പാലക്കാട്: സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശുവും പിന്നാലെ അമ്മയും മരിച്ച സംഭവത്തിൽ മൂന്ന് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. 304 എ വകുപ്പ് പ്രകാരമാണ് കേസ്.
ചിറ്റൂർ, തത്തമംഗലം ചെമ്പകശ്ശേരി സ്വദേശി എം.രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യ (23) ഇന്നലെയും ആൺകുഞ്ഞ് ഞായറാഴ്ചയുമാണ് മരിച്ചത്. പാലക്കാട് പടിഞ്ഞാറേ യാക്കരയ്ക്ക് സമീപത്തെ തങ്കം ആശുപത്രിയിലാണ് സംഭവം. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ ഐശ്വര്യയുടെ മരണകാരണം ആന്തരിക രക്തസ്രാവമാണെന്ന് വ്യക്തമായി.
ജൂൺ 29നാണ് ഐശ്വര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രി പ്രസവമുറിയിലേക്ക് കൊണ്ടുപോയി. ചികിത്സിച്ച ഡോക്ടർ അവിടെ ഉണ്ടായിരുന്നില്ല. തങ്ങൾ ആവശ്യപ്പെട്ടിട്ടും സിസേറിയൻ നടത്താൻ പ്രസവമുറിയിലുണ്ടായിരുന്ന ഡോക്ടർമാർ തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ പരാതി.
പുലർച്ചെ രണ്ടരയോടെ കുഞ്ഞ് മരിച്ചെന്നാണ് അറിയിച്ചത്. പ്രസവശേഷം ഗുരുതരാവസ്ഥയിലായ ഐശ്വര്യ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചു. സമ്മതമില്ലാതെ ഗർഭപാത്രം നീക്കിയെന്നും ബന്ധുക്കൾ ആരോപിച്ചു.അതേസമയം വീഴ്ചയുണ്ടായിട്ടില്ലെന്നും സാദ്ധ്യമായ ചികിത്സയെല്ലാം നൽകിയെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
അമിത രക്തസ്രാവമാണ് ഐശ്വര്യയുടെ ആരോഗ്യനില വഷളാക്കിയതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ബന്ധുക്കൾ മന്ത്രി കെ. കൃഷ്ണൻകുട്ടിക്കും പൊലീസിനും പരാതി നൽകി. പരാതി ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറിയതായി മന്ത്രി അറിയിച്ചു. കേസെടുത്തിട്ടുണ്ടെന്ന് പാലക്കാട് സൗത്ത് പൊലീസ് ഇൻസ്പെക്ടർ വി. ഹേമലത പറഞ്ഞു. സംസ്ഥാന യുവജന കമ്മിഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയോടും ആശുപത്രി അധികൃതരോടും അടിയന്തരമായി സമഗ്ര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മിഷൻ അംഗം അഡ്വ.ടി. മഹേഷ് ഇന്ന് വൈകിട്ട് മൂന്നോടെ ഐശ്വര്യയുടെ വീട് സന്ദർശിക്കും.