പുതുവര്‍‌ഷത്തിലെ ഇന്ത്യയുടെ ആദ്യ ബഹിരാകാശ കുതിപ്പ്; ജിസാറ്റ്-30 വിക്ഷേപണം വിജയം

0

ഫ്രഞ്ച് ഗയാന: ഐഎസ്ആര്‍ഒ വികസിപ്പിച്ച അതിനൂതന വാര്‍ത്താവിനിമയ ക്രിതൃമോപഗ്രഹം ജിസാറ്റ്-30 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കൂറോ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഏരിയന്‍ 5എ 25ഐ റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വിക്ഷേപണം നടന്നത്.

2005 ഡിസംബറിൽ വിക്ഷേപിച്ച വാർത്താ വിനിമയ ഉപഗ്രഹമായ ഇൻസാറ്റ്-4 എയ്ക്ക് പകരമായാണ് ജിസാറ്റ്-30 വിക്ഷേപിപിച്ചത്. 38 മിനിട്ട് കൊണ്ട് വിക്ഷേപണം പൂർത്തിയായി. 3357 കിലോ ഭാരമുള്ളതാണ് ഉപഗ്രഹം. 15 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലയളവ്. കെയു ബാന്‍ഡിലുള്ള വാര്‍ത്താവിനിമയം ഇന്ത്യയിലും സി- ബാന്‍ഡിലുള്ള വാര്‍ത്താ വിനിമയം ഗള്‍ഫ് രാജ്യങ്ങള്‍, ഏഷ്യന്‍ ഭൂഖണ്ഡം, ഓസ്‌ട്രേലിയ തുടങ്ങിയ ഇടങ്ങളിലും ലഭ്യമാകും.

പേടകത്തില്‍ നിന്നും ഉപഗ്രഹം വിജയകരമായി വേര്‍പ്പെട്ടെന്നും ഉപഗ്രഹം അതിന്‍റെ ദൗത്യത്തിലേക്ക് ഉടന്‍ പ്രവേശിക്കുമെന്നും ഐഎസ് ആര്‍ഒ അറിയിച്ചു. യൂറോപ്യൻ വിക്ഷേപണ വാഹനമായ അരിയാനെ അഞ്ചാണ് ജിസാറ്റ്–30 നെ ബഹിരാകാശത്ത് എത്തിച്ചത്. വാണിജ്യാടിസ്ഥാനത്തിലായിരുന്നു വിക്ഷേപണം.

ഡിടിച്ച് , ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് അപ്‌ലിംങ്കിംഗ്, ഡിഎസ്എന്‍ജി, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ജിസാറ്റ് 30 മുതല്‍ കൂട്ടാകും. വാർത്താവിനിമയ ശ്രേണിയിൽപ്പെട്ട ജി സാറ്റ്- 19, ജി സാറ്റ് -29, ജി സാറ്റ്- 11 എന്നിവ നേരത്തേ വിക്ഷേപിപിച്ചിരുന്നു.ജി സാറ്റ്-20 ഉപഗ്രഹത്തിന്റെ വിക്ഷേപണവും ഈ വർഷം നടക്കും.