പ്രിയയുടേത് രാഷ്ട്രീയ നിയമനം, അതിനെ രാഷ്ട്രീയമായി തന്നെ നേരിടും: ഗവർണർ

0

കണ്ണൂര്‍ സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അധ്യാപക നിയമനത്തില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുകളുണ്ടെന്നും ഇത് സംബന്ധിച്ച് തനിക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ചട്ടപ്രകാരമുള്ള നടപടിയാണ് സ്വീകരിച്ചതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനത്തില്‍ സ്വജനപക്ഷപാതം വ്യക്തമെന്ന് ഗവര്‍ണര്‍ ആരോപിച്ചു.

അധ്യാപകന യോഗ്യതയില്ലാത്ത ആൾ നിയമനം നേടിയത് രാഷ്ട്രീയ നാടകം ആണെന്നും അതിനെ താൻ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ഗവർണർ വ്യക്തമാക്കി. ചാൻസലർ എന്ന നിലയിലെ തൻ്റെ തീരുമാനത്തിനെതിരെ കീഴുദ്യോഗസ്ഥനായ വിസി നിയമപരമായി നീങ്ങുന്നത് അച്ചടക്ക ലംഘനമാണോ എന്ന കാര്യം പരിശോധിക്കുമെന്നും ഗവർണർ ഡൽഹി കേരളഹൌസിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞു.

ഗവർണറുടെ വാക്കുകൾ –

കണ്ണൂർ സർവ്വകലാശാലയെ സംബന്ധിച്ച് എനിക്ക് ചില പരാതികൾ കിട്ടി. അതിൻ്റെ സത്യാവസ്ഥ പരിശോധിക്കേണ്ടത് എൻ്റെ ബാധ്യതയാണ്. ഇവിടെ നിയമനത്തിൽ സംഭവിച്ചത് സ്വജനപക്ഷപാതമാണ് എന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമായിരുന്നു. സർവ്വകലാശാലകളിൽ ചട്ടങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് ചാൻസലർ എന്ന നിലയിൽ എൻ്റെ ബാധ്യതയാണ്. ചട്ടപ്രകാരമുള്ള നടപടികൾ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. എൻ്റെ തീരുമാനങ്ങളോട് വിയോജിക്കാനും അതിനെ ചോദ്യം ചെയ്യാനും എല്ലാവർക്കും അവകാശമുണ്ട്. ഇവിടെ കോടതിയും നിയമവുമൊക്കെയുണ്ടല്ലോ എതിർപ്പുള്ളവർക്ക് ആ വഴി നീങ്ങാം. എന്നാൽ ചാൻസലറുടെ തീരുമാനം അനുസരിക്കേണ്ട വൈസ് ചാൻസലർ അതിനെ നിയമപരമായി ചോദ്യം ചെയ്യുന്നത് ചട്ടപ്രകാരം ശരിയാണോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്.

ഭരണഘടന അനുവദിച്ചു നൽകിയ അധികാരങ്ങൾ രാജ്ഭവനുണ്ട്. അതിനെ തിരുത്താനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമാണ്. രാജ്ഭവനിൽ ഞാൻ ഒരാളെ നിയമിച്ചപ്പോൾ അതിനെ തടയാനും അതിൽ ഇടപെടാനും അവർ ശ്രമിച്ചു. അതിനെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെ സ്ഥാനത്ത് നിന്നും തന്നെ മാറ്റേണ്ടി വന്നു. രാജ്ഭവന് നിർദേശം നൽകാൻ ഒരു ഉദ്യോഗസ്ഥനും അധികാരമില്ല. നിയമസഭയുടെ വരാനുള്ള സമ്മേളനം വിളിച്ചു ചേർത്തത് തന്നെ ചില സംഭവങ്ങൾ അരങ്ങേറിയ ശേഷമാണല്ലോ.. അപ്പോൾ ഗവർണറുടെ അധികാരത്തെക്കുറിച്ചൊക്കെ അവർക്ക് വ്യക്തമായ ധാരണയുണ്ട്.

കണ്ണൂരിലെ അസി.പ്രൊഫസർ നിയമനത്തിൽ സ്വജനപക്ഷപാതം നടന്നുവെന്ന് വ്യക്തമാണ്. യോഗ്യതയില്ലാത്ത ഒരു വ്യക്തി അവിടെ അസി.പ്രൊഫസറായി നിയമിക്കപ്പെട്ടു. ആ വ്യക്തിയുടെ പങ്കാളി മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്നു എന്ന ഒരൊറ്റ കാരണം കൊണ്ടാണ് ഈ നിയമനം നടന്നത്. അതൊരു രാഷ്ട്രീയനിയമനമാണ് എന്നതിൽ എന്താണ് സംശയം…?

സിപിഎം സംസ്ഥാന സെക്രട്ടറിക്ക് എന്നെക്കുറിച്ച് എന്തുവേണമെങ്കിലും പറയാം അതിൽ അദ്ദേഹത്തിന് ഉറച്ചു നിൽക്കാം.. ഷബാനു കേസിൽ എന്നെ അവരും ബിജെപിയും ഒരേപോലെ പിന്തുണച്ചിരുന്നു. അന്ന് അവർക്ക് അറിയില്ലായിരുന്നോ ഞാൻ ആർഎസ്എസ് ആണെന്ന്. അതല്ല ഇവിടെ പ്രധാനം. അസി.പ്രൊഫസർ നിയമനം രാഷ്ട്രീയമല്ലെങ്കിൽ പിന്നെ എങ്ങനെയൊണ് യോഗ്യതയില്ലാത്ത ആൾ അവിടെ നിയമിക്കപ്പെട്ടത്. എങ്ങനെയാണ് ആ ആൾ അവിടെ അഭിമുഖത്തിന് വിളിക്കപ്പെട്ടത്. ഇതാണ് രാഷ്ട്രീയം…. അക്കാര്യത്തിൽ സംശയമില്ല. അതിനെ രാഷ്ട്രീയമായി തന്നെ ഞാൻ നേരിടും.