പ്രേക്ഷക മനസ്സ് കീഴടക്കി ”കുമ്പളങ്ങി നൈറ്റ്സ്”

0

ഒരു അമാനുഷികത പ്രകടനങ്ങളോ അതിഭാവുകത്വങ്ങളോ ഇല്ലാത്ത പച്ചയായ സാധാരണക്കാരായ മനുഷ്യരുടെ കഥ പറയുന്ന സിനിമ അതാണ് മധു.സി.നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി കുമ്പളങ്ങി നൈറ്റ്സ്. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷക മനസ് നിറക്കുന്ന സിനിമ എന്ന ഒരു ശങ്കയും കൂടാതെ പറയാം. മഹേഷിന്റെ പ്രതികാരം പോലെയും തൊണ്ടിമുതലും ദൃക്സാക്ഷിയും പോലെയും ഒരു പക്കാ റിയലിസ്റ്റിക് ചിത്രം.


പേരുപോലെ തന്നെ കുമ്പളങ്ങി എന്ന ഗ്രാമം തന്നെയാണ് സിനിമയിലെ പ്രധാന കഥാപശ്ചാത്തലം. തെരുവു പട്ടികളും പൂച്ചകളും വസിക്കുന്ന ആ ദ്വീപിൽ ആർക്കും വേണ്ടാത്ത നാല് സഹോദരങ്ങളുമുണ്ട്.ആ മനോഹര ഗ്രാമത്തിലെ ആര്‍ക്കും വേണ്ടാത്ത, ഒറ്റപ്പെട്ട ഒരു തുരുത്തിലെ, തേക്കാത്ത, വാതിലുകളില്ലാത്ത, ജനലുകള്‍ പഴയ സാരി കൊണ്ട് മറച്ച ഒരു വീട്ടില്‍ കഴിയുന്ന ആ നാലു സഹോദരങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

മൂത്തവൻ സജി (സൗബിൻ ഷാഹിർ), പിന്നെ ബോണി (ശ്രീനാഥ് ഭാസി), മൂന്നാമൻ ബോബി (ഷെയ്ൻ നിഗം), ഇളയവൻ ഫ്രാങ്കി (മാത്യൂ തോമസ്). അമ്മയും അച്ഛനുമില്ലാത്ത ഈ കുടുംബത്തിൽ നാഥനില്ല.അച്ചടക്കമില്ലാത്ത ഇവർക്കിടയിൽ കുറച്ചെങ്കിലും ഉത്തരവാദിത്വമുള്ളത് ഇളയവനാണ്. സഹോദരൻമാർക്കൊപ്പം സന്തോഷമായി ജീവിക്കാൻ അവന് മാത്രമാണ് ആഗ്രഹം.

കുമ്പളങ്ങിയിലെ ഓരോ രാവുകൾക്കും പകലുകൾക്കും കഥകൾ പറയാനുണ്ട് സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും പുതിയ മാനത്തിന്റെ കഥ. ഇവരുടെ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് കഥയുടെ ആദ്യ പകുതി മുന്നോട്ട് പോകുന്നത്. എന്നാൽ രണ്ടാം പകുതിയിൽ പ്രണയത്തിന്റെയും സഹോദര ബന്ധത്തിന്റെയും തീവ്രതയിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.

കൂട്ടത്തിലെ ബോബിക്ക് ബേബിമോള്‍(അന്ന ബെൻ ) എന്ന പെണ്‍കുട്ടിയോട് തോന്നുന്ന പ്രണയമാണ് ഇവരുടെ ജീവിതത്തെ മാറ്റി മറിക്കുന്നത്. അതിനിടയിലേക്ക് ബേബി മോളുടെ ചേച്ചി സുമിയുഭര്‍ത്താവ് ഷമ്മി(ഫഹദ് ഫാസിൽ) എത്തുന്നതോടെ കഥ ആകാംഷ ഭരിതമാകുന്നു. ഫഹദ് കൂടി എത്തുന്നതോടെ സിനിമയ്ക്കും പുതിയൊരു ഉണർവ് ലഭിക്കുന്നു. തന്റെ ഭർത്താവിന്റെ ചിരിക്കു പിന്നിൽ എന്താണെന്നു കണ്ടെത്താൻ ശ്രമിക്കുന്ന സുമിയുടെ കഥാപാത്രത്തിന്റെ അതേ പിരിമുറുക്കം പ്രേക്ഷകനും അനുഭവിക്കും. ഷമ്മി എന്ന നെഗറ്റീവ് കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. സിനിമയിൽ ഷമ്മി ഒരു വലിയ സസ്പെൻസ് ആണ്. ചിത്രത്തിലുടനീളം ഫഹദിനോട് വെറുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നുണ്ട് കാണികൾക്ക്.

ഇതിൽ നിന്നുതന്നെ ഫഹദ് ഷമ്മിയെ എത്രത്തോളം അന്വർഥമാക്കിയെന്ന് മനസിലാവും. ഓരോ സിനിമ കഴിയും തോറും ഫഹദ് എന്ന നടന്‍ പ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു. പുതുമുഖം അന്നാ ബെന്‍ ആണ് ചിത്രത്തില്‍ ബേബി മോളായി വേഷമിട്ടത്. നിഷ്ക്കളങ്കമായ ചിരിയോടെ അന്ന ബെൻ എന്ന നടി പ്രേക്ഷക മനസ്സിൽ ഇടം നേടി കഴിഞ്ഞു. സുമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗ്രേസിന്റെ പ്രകടനവും എടുത്തു പറയേണ്ടത് തന്നെയാണ്. സൗബിൻ, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം, ഒപ്പം മാത്യു എന്ന കൊച്ചു മിടുക്കനും. കുമ്പളങ്ങിയിലെ ഇൗ സഹോദരങ്ങൾ ഒന്നിനൊന്ന് മികച്ചുനിന്നു. കുമ്പളങ്ങിയിലെ രാത്രികൾ പ്രേക്ഷകർ ഏറെ ആസ്വദിച്ച ഒന്നാണ്.

ആ രാത്രികളുടെ സൗന്ദര്യം നമ്മിലേക്കെത്തിച്ചത് ഷൈജു ഖാലിദിന്റെ ക്യാമറയാണ്. ശ്യാം പുഷ്കരന്റെ തിരക്കഥയും ഒപ്പം സുഷിന്‍ ശ്യാമിന്റെ സംഗീതവും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും ഒന്നുകൂടി മനോഹരമാക്കുന്നു. ചെറിയ തമാശകളും പച്ചയായ ജീവിത കഥകളും നിറഞ്ഞ കുടുംബ ബന്ധങ്ങളുടെ കഥപറയുന്ന ഒരു മികച്ച ചിത്രം തന്നെയാണ് കുമ്പളങ്ങി കുമ്പളങ്ങി നൈറ്റ്സ്.