ഭോപ്പാൽ: ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിന്‍റെ (ഐപിസി) അടിസ്ഥാനത്തിൽ കുറ്റകരമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഭാര്യയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ല. വിവാഹിതർക്കിടയിൽ ശാരീരിക ബന്ധത്തിന് സമ്മതം ആവശ്യമില്ലെന്നും കോടതി.
ഭാര്യ നൽകിയ പരാതിയിൽ യുവാവിനെതിരേ ചുമത്തിയ എഫ്ഐആർ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ജി.എസ്. അലുവാലിയയുടെ നിരീക്ഷണം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377 (പ്രകൃതിവിരുദ്ധ ലൈംഗികത), 506 (ഭീഷണി) എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്.
ഐപിസി 375 പ്രകാരം ബലാത്സംഗത്തിന്‍റെ നിർവചനം, സുപ്രീം കോടതിയുടെയും ഹൈക്കോടതികളുടെയും വിവിധ വിധികൾ എന്നിവ ഉദ്ധരിച്ചാണ് ജഡ്ജി ഈ ഹർജിയിൽ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഭാര്യയുടെ പ്രായം 15 വയസിൽ താഴെയല്ലാത്തിടത്തോളം സമ്മതത്തിനു പ്രസക്തിയില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ.
പരാതിക്കാരിയുടെ വിവാഹം 2019 മേയിലായിരുന്നു. 2020 ഫെബ്രുവരി മുതൽ ഭർത്താവിനെ വിട്ട് സ്വന്തം വീട്ടിലേക്കു താമസം മാറി. ഭർത്താവിനും വീട്ടുകാർക്കുമെതിരേ സ്ത്രീധന പീഡനത്തിനു പരാതിയും നൽകിയിരുന്നു. ഈ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. 2022ലാണ് പ്രകൃതിവിരുദ്ധ ലൈംഗികത ഉന്നയിച്ച് ഒരു പരാതി കൂടി നൽകിയത്.
കോടതി നിർദേശപ്രകാരം പിരിഞ്ഞു താമസിക്കുന്നവരാണെങ്കിൽ മാത്രമേ ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് കുറ്റകരമാകുന്നുള്ളൂ എന്ന നിരീക്ഷണവും കോടതി നടത്തിയിട്ടുണ്ട്. വൈവാഹിക ബലാത്സംഗം എന്നൊന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. ഇതോടെ പ്രതിക്കെതിരായ എഫ്ഐആറും അനുബന്ധ നടപടികളും കോടതി റദ്ദാക്കി.