ഭീതിവിതച്ച് കോവിഡ് : രാജ്യത്ത് മരണം ഒരു ലക്ഷത്തിനരികെയെത്തി

0

രാജ്യത്ത് കൊവിഡ് മരണം ഒരു ലക്ഷത്തിനരികെയെത്തി. 24 മണിക്കൂറിനിടെ 1,181 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 98,678 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 86,821 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചുത്. ഇതോടെ രോഗികളുടെ എണ്ണം 63 ലക്ഷം കടന്ന് 63,12,585 ൽ എത്തി. 9,40,705 പേരാണ് ചികിത്സയിലുള്ളത്. രോഗം ഭേദമായവരുടെ എണ്ണം 52,73,202 ആയി.

സെപ്റ്റംബർ 30 വരെ ഇന്ത്യയിൽ 7.5 കോടിയിലേറെ സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആർ അറിയിച്ചു. 14,23,052 ടെസ്റ്റുകളാണ് 24 മണിക്കൂറിനിടെ ചെയ്തത്.

ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് വ്യാപിക്കുന്ന രാജ്യമായി തുടരുകയാണ് ഇപ്പോൾ ഇന്ത്യ. വരുന്ന ശൈത്യകാലത്ത് രോഗബാധ വർധിക്കുമെന്ന മുന്നറിയിപ്പും ആരോഗ്യ വിദഗ്ധർ നൽകുന്നുണ്ട്. 

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുപ്രകാരം 83.53 ശതമാനമാണ് ഇപ്പോൾ ഇന്ത്യയിലെ റിക്കവറി നിരക്ക്. മരണനിരക്ക് 1.56 ശതമാനം. മൊത്തം കേസുകളുടെ 14.90 ശതമാനം പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

ബുധനാഴ്ച 14.23 ലക്ഷത്തിലേറെ സാംപിളുകളാണ് രാജ്യത്തു പരിശോധിച്ചത്. കഴിഞ്ഞ ദിവസം 10.86 ലക്ഷം സാംപിളുകൾ പരിശോധിച്ചപ്പോൾ 80,472 പുതിയ കേസുകളാണു കണ്ടെത്തിയത്. പരിശോധന വീണ്ടും കൂട്ടിയപ്പോൾ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും എൺപത്തയ്യായിരം കടന്നു.