മനോരോഗം പരാമര്‍ശത്തില്‍ നിര്‍മാതാക്കളോട് മാപ്പ് പറഞ്ഞ് ഷെയ്ന്‍ നിഗം

0

നിര്‍മാതാക്കള്‍ക്ക് മനോരോഗമാണെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഷെയ്ന്‍ നിഗം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷെയ്ന്‍ നിഗം മാപ്പ് പറഞ്ഞത്. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നും ആര്‍ക്കെങ്കിലും വിഷമമായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഷെയ്ന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ വേദിയില്‍ വച്ച് മാധ്യമങ്ങളെ കണ്ടപ്പോള്‍ ആണ് ഷെയ്നില്‍ നിന്നും വിവാദപരാമര്‍ശമുണ്ടായത്. നിര്‍മ്മാതാക്കള്‍ക്ക് ഷെയ്നിന്‍റെ പ്രവൃത്തി മൂലം മനോവിഷമുണ്ടായോ എന്ന ചോദ്യത്തിനാണ് നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമമാണോ മനോരോഗമാണോ എന്നറിയില്ലെന്ന് ഷെയ്ന്‍ നിഗം പറഞ്ഞത്.

ഞാനെന്റെ രീതിയില്‍ ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നല്‍കിയത്. ഞാന്‍ പറഞ്ഞ ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നു. എന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ചതാണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാന്‍. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാന്‍ആരാധിക്കുന്ന എന്റെ ദൈവവും ഞാന്‍ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാമെന്നും ഷെയ്ന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഐഎഫ്എഫ്‌കെ വേദിയില്‍ ഷെയ്ന്‍ നടത്തിയ വിവാദ പരാമര്‍ശത്തോടെ വിഷയത്തില്‍ ചര്‍ച്ചകള്‍ക്കില്ലെന്ന് അമ്മയും ഫെഫ്കയും ഉള്‍പ്പെടെയുള്ള സംഘടനകള്‍ അറിയിച്ചിരുന്നു. പരാമര്‍ശത്തോടെ വിഷയത്തില്‍ ഇനിയൊരു ചര്‍ച്ചയ്ക്കില്ല എന്ന നിലപാടിലേക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും എത്തി. ഇതോടെ ഷെയ്ന്‍ നിഗത്തെ ഇതര ഭാഷകളിലും വിലക്കുന്നതിന് ഫിലിം ചേംബര്‍ കത്ത് നല്‍കിയിരുന്നു. മലയാളത്തില്‍ നിലവിലുള്ള സിനിമകള്‍ പൂര്‍ത്തിയാക്കാതെ ഷെയ്‌നെ ഇതര ഭാഷകളിലും അഭിനയിപ്പിക്കേണ്ടതില്ല എന്നായിരുന്നു തീരുമാനം.