മലയാളി നഴ്സിനെ ബാധിച്ചത് കൊറോണ വൈറസ് അല്ല; റിപ്പോർട്ട് തള്ളി സൗദി ആരോഗ്യ മന്ത്രാലയം

0

സൗദി: സൗദിയിൽ മലയാളി നഴ്സിനെ ബാധിച്ചത് ചൈനയിൽ നിന്നു പടരുന്ന കൊറോണ വൈറസല്ലെന്നു സ്ഥിരീകരണം. ചൈനയിൽ 25 പേരുടെ മരണത്തിന് ഇടയാക്കിയ വൈറസ് ഇതുവരെ രാജ്യത്ത് റിപ്പോർട്ടു ചെയ്തിട്ടില്ലെന്നു സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ട്വിറ്ററിൽ അറിയിച്ചു. മലയാളി നഴ്സിനു ബാധിച്ചത് മിഡിൽ ഈസ് റസ്പിറേറ്ററി സിൻഡ്രോം (മെർസ്) ആണെന്നും ഇതു നിയന്ത്രണവിധേയമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

2012ൽ സൗദിയിൽ റിപ്പോർട്ട് ചെയ്തതിനു സമാനമായ കൊറോണ വൈറസാണ് ഇതെന്ന് സയന്‍റിഫിക് റീജണൽ ഇൻഫെക്ഷൻ കണ്ട്രോൾ കമ്മിറ്റി ചെയർമാൻ ഡോക്ടർ താരിഖ് അൽ അസ്റാഖി പറഞ്ഞു. അസീർ നാഷണൽ ആശുപത്രിയിൽ ചികിൽസയിലുള്ള യുവതിയുടെ നില മെച്ചപ്പെട്ടുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.

ചൈനയിലെ വുഹാനിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസല്ല മലയാളി നഴ്സിനെ ബാധിച്ചതെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും നേരത്തെ ട്വിറ്ററിൽ അറിയിച്ചിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് മലയാളി നഴ്സിന് കൊറോണ വൈറസ് ബാധിച്ചതായി ഔദ്യോഗിക സ്ഥിരീകരണമായത്. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ നഴ്സിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

കൊറോണ വൈറസ് ബാധിച്ച സഹപ്രവർത്തകയായ ഫിലിപ്പീൻസ് സ്വദേശിനിയെ ശുശ്രൂഷിച്ച ഇവരോടൊപ്പമുള്ള കോഴിക്കോട് കക്കയം സ്വദേശിനിയായ നഴ്സിനും രോഗബാധയുണ്ടെന്ന് പ്രചരിച്ചെങ്കിലും പരിശോധനയിൽ ഇല്ലെന്നു തെളിഞ്ഞു. മറ്റ് 100 മലയാളി നഴ്സുമാർക്കും രോഗമില്ല.