ന്യൂഡൽഹി ∙ മഹാത്മാഗാന്ധിയുടെ അപൂർവ ദൃശ്യങ്ങളടങ്ങിയ 30 ഫിലിം റീലുകൾ നാഷനൽ ഫിലിം ആർക്കൈവ്സ് കണ്ടെടുത്തു. അക്കാലത്തെ പ്രമുഖ സ്റ്റുഡിയോകളായ പാരമൗണ്ട്, വാർണർ, യൂനിവേഴ്സൽ, ബ്രിട്ടിഷ് മൂവിടോൺ തുടങ്ങിയവർ ചിത്രീകച്ചതാണിത്.
ഗാന്ധിജിയുടെ ചിതാഭസ്മവും വഹിച്ച് മദ്രാസിൽ നിന്നു രാമേശ്വരത്തേക്കു ട്രെയിൻ മാർഗം നടത്തിയ യാത്രയുടെ മുഴുവൻ ചിത്രങ്ങളും ഇതിലുണ്ട്. ഗാന്ധിജി രണ്ടാം വട്ടമേശ സമ്മേളനത്തിനു ലണ്ടനിലേക്കു നടത്തിയ കപ്പൽ യാത്രയുടെ ദൃശ്യങ്ങളിൽ കപ്പലിന്റെ ഡെക്കിൽ ചർക്കയിൽ നൂൽ നൂൽക്കുന്നതും ബൈനോക്കുലറിലൂടെ നോക്കുന്നതും കുട്ടികളുമായി കളിക്കുന്നതുമൊക്കെയായ ചിത്രങ്ങളും ഇതിലുണ്ട്.വാർധയിലെ ആശ്രമത്തിൽ കസ്തൂർബയും ഗാന്ധിജിയുമായുള്ള നിമിഷങ്ങളും ഒരു റീലിലുണ്ട്.
ഗാന്ധിജിയുടെ ജീവിതത്തിലൂടെ കടന്നുപോയിട്ടുള്ള ചില മനോഹരങ്ങളായ മുഹൂർത്തങ്ങളാണ് ഈ ബ്ലാക്ക് ആൻഡ് വൈറ്റ് റീലിലുടനീളമുള്ളത്. റീലുകൾ കേടുവന്നിട്ടില്ലെന്നും അതു ഡിജിറ്റൽവൽക്കരിക്കാൻ ശ്രമിക്കുകയാണെന്നും നാഷനൽ ഫിലിം ആർക്കൈവ്സ് അറിയിച്ചു. ഗാന്ധിജിയെ കൂടാതെ ജവാഹർലാൽ നെഹ്റു, സർദാർ പട്ടേൽ, സരോജിനി നായിഡു തുടങ്ങിയവരും ദൃശ്യങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.