കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് നൽകിയ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയനുമായോ കുടുംബവുമായോ തനിക്ക് ഔദ്യോഗികമായല്ലാതെ യാതൊരു ബന്ധവുമില്ലെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച കുറ്റപത്രത്തിലാണ് മൊഴി.
ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുളളത്. കേരള സന്ദർശനത്തിനത്തിനായി ഷാർജാ ഭരണാധികാരി വന്നപ്പോൾ അവരുടെ ആചാര പ്രകാരം സ്വീകരിക്കുന്നതെങ്ങനെയെന്ന് ഭാര്യക്ക് പറഞ്ഞുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. അച്ഛൻ മരിച്ചപ്പോൾ മുഖ്യമന്ത്രി വിളിച്ചിരുന്നു. എം ശിവശങ്കറിന്‍റെ ഫോണിൽ വിളിച്ചാണ് അനുശോചനം അറിയിച്ചതെന്നും സ്വപ്ന സുരേഷ് ഇഡിക്ക് മൊഴി നൽകിയിട്ടുണ്ട്.
കോണ്‍സല്‍ ജനറലിന്റെ ഒപ്പമല്ലാതെ, താന്‍ ഒരു തവണ മാത്രമാണ് മുഖ്യമന്ത്രിയെ കണ്ടത്. ഷാര്‍ജ ഭരണാധികാരിയുടെ സ്വീകരണവുമായി ബന്ധപ്പെട്ടാണ് അത്. ഔദ്യോഗികമായ കൂടിക്കാഴ്ചകള്‍ മാത്രമെ ഉണ്ടായിട്ടുള്ളു. കോണ്‍സല്‍ ജനറല്‍ മുഖ്യമന്ത്രിയെ കാണാന്‍ പോയ സമയത്ത് താനും ഉണ്ടായിരുന്നു.
മുഖ്യമന്ത്രിയ്ക്ക് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്ന ഇ.ഡിയുടെ ചോദ്യത്തിന് ഇല്ല എന്നാണ് സ്വപ്‌ന സുരേഷ് നല്‍കുന്ന മറുപടി. മുഖ്യമന്ത്രിയുമായി വ്യക്തിപരമായ ബന്ധമില്ലെന്നും ഔദ്യോഗികബന്ധം മാത്രമായിരുന്നുവെന്നും സ്വപ്‌ന മൊഴിയില്‍ വ്യക്തമാക്കുന്നു.
മന്ത്രിമാരായ കെ.ടി. ജലീലും കടകംപള്ളി സുരേന്ദ്രനും പലപ്രാവശ്യം കോൺസുലേറ്റിൽ ചെന്നിട്ടുണ്ടെന്ന് കേസിലെ മറ്റൊരു പ്രതി സരിത്തിന്റെ മൊഴിയിൽ പറയുന്നു. കടകംപള്ളിയുടെ മകന്റെ വിദേശ ജോലിയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുന്നതിനായിരുന്നു അദ്ദേഹം ഒരു തവണ വന്നതെന്നും മൊഴിയിൽ പറയുന്നു.
കാന്തപുരം എപി അബൂബക്കർ മുസലിയാരും മകനും രണ്ടുതവണയിലധികം കോൺസുലേറ്റിൽ വന്നിട്ടുണ്ടെന്ന് സ്വപ്ന പറയുന്നു. കോൺസൽ ജനറലുമായി അടച്ചിട്ട മുറിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മതപരമായ ഒത്തുചേരലുകൾക്ക് ധനസഹായവും യുഎഇ സർക്കാരിന്റെ പിന്തുണയും ഇവർ തേടിയെന്നാണ് വിവരം, പിന്നീട് ഇവർക്ക് എന്തെങ്കിലും സാമ്പത്തിക സഹായം കിട്ടിയോയെന്ന് അറിയില്ലെന്നും സ്വപ്ന പറയുന്നു.