റിയോ ഒളിംപിക്‌സിലെ ഏറ്റവും പ്രായം കുറഞ്ഞ താരം ഗൗരികാ സിംഗ്

0

13 വയസ്സും 255 ദിവസവും പിന്നിടുന്ന ഗൗരികാ സിംഗ് 2016 റിയോ ഒളിംപിക്‌സിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാകാം. പക്ഷേ ചരിത്രത്തിലെ അവളുടെ സ്ഥാനം വേറിട്ടതാണ്.
രണ്ട് വയസ്സുള്ളപ്പോള്‍ നേപ്പാളില്‍ നിന്ന് ലണ്ടനിലേക്ക് കുടിയേറിയ ഈ 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കര്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഏതാണ്ട് 9000 പേര്‍ കൊല്ലപ്പെട്ട നേപ്പാളിനെ പിടിച്ചു കുലുക്കിയ ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി കൂടിയാണ്. അന്ന് കുടുംബത്തോടൊപ്പം കാഠ്മണ്ഡുവില്‍ നേപ്പാളീസ് ദേശീയ നീന്തല്‍ മത്സരത്തിന് തയാറെടുക്കുകയായിരുന്നു ഗൗരിക. അഞ്ചു നില ഓഫീസ് കെട്ടിടത്തിനുള്ളിലെ ഒരു മേശയ്ക്കടിയില്‍ അഭയം തേടിയാണ് അന്ന് ആ കുടുംബം രക്ഷപ്പെട്ടത്. 3.5 ദശലക്ഷം പേര്‍ ഭവനരഹിതരായി എന്നു പറയുമ്പോള്‍ തന്നെ ആ ഭൂകമ്പത്തിന്റെ തീവ്രത ഊഹിക്കാവുന്നതേ ഉള്ളൂ.
“ഭാഗ്യത്തിന് ഞങ്ങള്‍ അന്ന് പുതിയ ഒരു ഓഫീസ് കെട്ടിടത്തിലായിരുന്നു. അതും കുലുങ്ങിയെങ്കിലും കേടുപാടുകള്‍ ഒന്നും സംഭവിച്ചില്ല, തകര്‍ന്നു വീണതുമില്ല. പക്ഷേ ഞങ്ങള്‍ക്കു ചുറ്റുമുള്ള പ്രദേശങ്ങള്‍ മണ്‍കൂമ്പാരമായി. ഞങ്ങള്‍ പുറത്തേക്കിറങ്ങിയപ്പോള്‍ അമ്മ എന്നെ ഒന്നും കാണാന്‍ അനുവദിച്ചില്ല. ജനങ്ങള്‍ മരിച്ചു കൊണ്ടിരിക്കുന്നത് ഞാന്‍ കാണരുതെന്ന് അമ്മ ആഗ്രച്ചിട്ടുണ്ടാകും.” ഗൗരിക ഓര്‍ക്കുന്നു, “ കണ്ണുകളില്‍ ഇരുട്ടു കയറി. പിന്നെ ശക്തമായൊരു കുലുക്കവും. മുറിയിലെ അലമാരകളിലൊന്ന് താഴേക്ക് വീണപ്പോള്‍ അനുജന്‍ അത് തള്ളിയിട്ടതാകാമെന്നു കരുതി അമ്മ വഴക്കു പറയുന്നുണ്ടായിരുന്നു. പക്ഷേ അപ്പോഴേക്കും പുറത്തും വെളിയിലുമായി എല്ലാം നിലംപതിക്കുന്ന ശബ്ദങ്ങളും നിലവിളികളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ടായിരുന്നു. ഒടുവില്‍ ഞങ്ങള്‍ അവിടെ നിന്ന് വിമാനം കയറുമ്പോള്‍ ആ ദുരന്തങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുമോ എന്ന ഭയം എന്നെ വേട്ടയാടിക്കൊണ്ടേ ഇരുന്നു. ”
റിയോയിലെ ഒളിംപിക് പൂളില്‍ കടക്കാന്‍ ശ്രമിച്ച ഗൗരികയെ സുരക്ഷാ ഭടന്മാര്‍ തടഞ്ഞു.
“ക്ഷമിക്കണം, അത്‌ലറ്റുകള്‍ക്ക് മാത്രമേ പ്രവേശനം ഉള്ളൂ,” തന്റെ അക്രെഡിറ്റേഷന്‍ കാട്ടും മുമ്പ് ഒരു സെക്യുരിറ്റി പറഞ്ഞു. കാരണം, അടുത്ത വര്‍ഷം ലണ്ടനിലേക്ക് മടങ്ങുമ്പോള്‍ ഒമ്പതാം ഗ്രേഡില്‍ ആകുന്ന ഈ ചെറിയ പെണ്‍കുട്ടിയെ കണ്ടാല്‍ ഒളിംപ്യനാണെന്ന് ആരും വിശ്വസിക്കില്ല.
റിയോയില്‍ നേപ്പാളിനെ പ്രതിനിധീകരിച്ച് എത്തുന്ന അഞ്ചു പേരില്‍ ഒരാളാണ് ഗൗരിക.
“ജീവിക്കുന്നത് ലണ്ടനിലാണെങ്കിലും ഞാന്‍ ഇംഗ്ലീഷുകാരിയല്ല. ഇനിയിപ്പോള്‍ ഞാന്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചാലും ഇംഗ്ലീഷുകാരി അല്ലാത്തതിനാല്‍ നേപ്പാളി ആയിരുന്ന് ബ്രിട്ടനെ പ്രതിനിധീകരിക്കുന്നതില്‍ അര്‍ത്ഥവും ഇല്ല,” അവള്‍ പറയുന്നു, “ഞാന്‍ നേപ്പാളിയാണ്, ഇംഗ്ലീഷുകാരിയോ മറ്റൊരു ഭാഷക്കാരിയോ അല്ല.”
ഒളിംപിക്‌സ് കഴിയുമ്പോള്‍ ഗൗരിക കുടുംബത്തോടൊപ്പം നേപ്പാളിലേക്ക് മടങ്ങും. ഇത്തവണ ആ മടക്കം ഒരു ദേശീയ ബഹുമതിയുമായിട്ടായിരിക്കും.
കടപ്പാട്: ദി സണ്‍ഡേ മോണിങ് ഹെറാള്‍ഡ്