ശ്രീ ശാന്തിന് ആശ്വാസം; ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി

0

ന്യൂഡൽഹി: ഐ.പി.എൽ ഒത്തുകളി വിവാദത്തെത്തുടർന്ന് മുൻ ഇന്ത്യൻതാരം എസ്.ശ്രീശാന്തിന് ബി.സി.സി.ഐ എർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി. ശിക്ഷാകാലയളവ് പുന:പരിശോധിക്കാന്‍ ബി.സി.സി.ഐയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. മൂന്നു മാസമാണ് ഇതിനായി കാലയളവ് നല്‍കിയത്.

ശ്രീശാന്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി. ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതി ഇപ്പോള്‍ നീക്കിയത്. എന്നാൽ ശ്രീശാന്തിനെ വാതുവയ്പ്പ് കേസിൽ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല.ജസ്റ്റിസുമാരായ അശോക് ഭൂഷൻ ,കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ശ്രീശാന്തിന്റെ ആജീവനാന്ത കാലവിലക്ക് നീക്കികൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്.

2013 ലെ ഐ.പി.എല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ശ്രീശാന്ത് ഒത്തു കളിച്ചതിന് തെളിവുണ്ടെന്നാണ് ഹരജിയെ എതിര്‍ത്ത് ബി.സി.സി.ഐ കോടതിയെ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ അടിസ്ഥാന രഹിതമായ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് വിലക്കെന്നും ഭീഷണിപ്പെടുത്തിയാണ് പോലീസ് തന്റെ ആദ്യ കുറ്റസമ്മത മൊഴി ലഭ്യമാക്കിയതെന്നുമായിരുന്നു ശ്രീശാന്തിന്റെ വാദം. വിദേശത്ത് നിരവധി അവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും വിലക്ക് നിലനില്‍ക്കുന്നതിനാല്‍ തനിക്ക് കളിക്കാനാവുന്നില്ലെന്നാണ് ശ്രീശാന്തിന്റെ വാദം.