ഹംഗറിയിൽ നിന്നുള്ള വിമാനം വൈകും, രാത്രിയോടെ ഡൽഹിയിലെത്തുമെന്ന് അറിയിപ്പ്

0

ഡൽഹി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ വഹിച്ച് ഹംഗറിയിൽ നിന്നും ദില്ലിയിലേക്ക് വരാനിരുന്ന വിമാനം വൈകും. നേരത്തെ 11 മണിയോടെ വിമാനം ദില്ലിയിലേക്ക് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ വൈകുന്നേരത്തോടെ മാത്രമേ തിരികെയെത്തൂ എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.

ഇതുവരെ യുദ്ധഭൂമിയായി മാറിയ യുക്രൈനിൽ നിന്നും 1157 പേരെയാണ് ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവന്നത്. ഇവരിൽ 93 പേർ മലയാളികളാണ്. മൂന്ന് ദിവസത്തിനുള്ളിൽ 7 വിമാനങ്ങൾ കൂടി രക്ഷാദൌത്യത്തിന്റെ ഭാഗമാകുമെന്നാണ് അധികൃതർ അറിയിക്കുന്നത്.

റൊമേനിയയിൽ നിന്ന് അഞ്ചാമത്തെ വിമാനം ഇന്ന് രാവിലെ ദില്ലിയിൽ എത്തിയിട്ടുണ്ട്. 249 ഇന്ത്യക്കാരാണ് വിമാനത്തിൽ നാട്ടിലേക്കെത്തിയത്. ഇതിൽ 12 പേർ മലയാളികളാണ്. ഇവർ വിസ്താര, എയർ ഇന്ത്യ വിമാനങ്ങളിൽ ദില്ലിയിൽ നിന്നും കേരളത്തിലേക്ക് മടങ്ങും. വൈകിട്ടോടെ എല്ലാവരും കേരളത്തിലേക്ക് എത്തും. ആറ് പേരാണ് വൈകിട്ട് 5.20 ന് എയർ ഇന്ത്യ ഫ്ലൈറ്റിൽ കൊച്ചിയിലെത്തുക. തിരുവനന്തപുരത്തേക്ക് 5 പേരും കോഴിക്കോടേക്കും ഒരാളുമാണുള്ളത്. തിരുവനന്തപുരം എയർ ഇന്ത്യ വിമാനം രാത്രി 8.30 ക്ക് എത്തും. 7.30 ക്ക് എത്തുന്ന ഇൻഡിഗോ വിമാനത്തിലാകും കോഴിക്കോട് സ്വദേശിയെത്തുക.

ക്രൈനില്‍ നിന്നെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാള്‍ഡോവ അഭയം നല്‍കിയത് ആശ്വാസകരമായിട്ടുണ്ട്. യുക്രൈൻ അതിര്‍ത്തി കടക്കാന്‍ കഴിഞ്ഞതായി മലയാളി വിദ്യാര്‍ത്ഥി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അലീന അടക്കം 45 പേര്‍ ബസിലാണ് മാള്‍ഡോവയിലെത്തിയത്. അവിടെ സൈനിക ആശുപത്രിയില്‍ തങ്ങള്‍ക്ക് താമസ സൌകര്യമൊരുക്കിയെന്ന് വിദ്യാര്‍ത്ഥിനി അറിയിച്ചു. അതേ സമയം, യുക്രൈനില്‍ നിന്നുള്ള രക്ഷാദൗത്യവിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു. രക്ഷാദൗത്യത്തിന്‍റെ മേല്‍നോട്ടം മന്ത്രിമാര്‍ക്ക് നല്‍കിയേക്കുമെന്നാണ് സൂചന. മന്ത്രിമാര്‍ യുക്രൈന്‍റെ അയല്‍രാജ്യങ്ങളിലേക്ക് പോയേക്കുമെന്നും വിവരങ്ങളുണ്ട്.