കേരളത്തിലെ സഹകരണ ബാങ്കുകളുടെ തട്ടിപ്പുകളുടെ കഥകൾ അനന്തമായി തുടരുകയാണ്. ഏറ്റവും ഒടുവിലായി തൃശൂർ ജില്ലയിലെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പാണ് പുറത്തു വന്നിട്ടുള്ളത്. ഇവിടെ നിന്നും പുറത്ത് വന്നിട്ടുള്ളത് നൂറ് കോടി രൂപയുടെ തട്ടിപ്പാണ് എന്നറിയുമ്പോഴാണ് നാം അത്ഭുതപ്പെട്ട് പോകുന്നത്.
കേരളത്തിലെ സഹകരണ ബാങ്കുകൾ ഗ്രാമങ്ങളിലെ സാധാരണക്കാർക്കായുള്ള ബദൽ സാമ്പത്തിക സംവിധാനം തന്നെയായിരുന്നു. വൻകിട ബാങ്കുകൾ സാധാരണക്കാരന് ബാലികേറാമലയായിരുന്ന കാലത്ത് അടിത്തട്ടിലുള്ള ഗ്രാമീണ ജനതയ്ക്ക് പ്രാപ്യമാകുന്ന സാമ്പത്തിക സ്ഥാപനങ്ങൾ എന്ന നിലയിലായിരുന്നു ഈ സഹകരണ ബാങ്കുകൾ സേവന രംഗത്തെത്തിയത്.
രാഷ്ടീയകക്ഷികളുടെ നേതൃത്വത്തിലുള്ള ഇത്തരം സ്ഥാപനങ്ങൾ പൊതുജന വിശ്വാസ്യതയിൽ ഏറെ മുന്നിലായിരുന്നു താനും. എന്നാൽ രാഷ്ട്രീയ രംഗത്തുള്ള മൂല്യത്തകർച്ച തന്നെയായിരിക്കും ഇത്തരം ബാങ്കുകളുടെ തട്ടിപ്പിനും തകർച്ചക്കും വഴിയൊരുക്കുന്നത്. സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾ ഇന്ന് സാധാരണ സംഭവമായിത്തീർന്നിരിക്കുന്നു. എല്ലാ സഹകരണ സ്ഥാപനങ്ങളും ഇങ്ങനെയായിത്തീർന്നു എന്ന് ആക്ഷേപിക്കുകയല്ല. എങ്കിലും കള്ളനാണയങ്ങൾ പെരുകിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
ആദ്യകാലങ്ങളിൽ സ്വർണ്ണത്തിന് പകരം മുക്കുപണ്ടങ്ങൾ സ്വീകരിച്ച് സ്വന്തക്കാർക്ക് പണയം നൽകുന്ന രീതിയായിരുന്നു തട്ടിപ്പിൻ്റെ ഒരു പ്രധാന മാർഗ്ഗം. ഇന്ന് ആരെയും പേടിക്കാനില്ലാതെ എന്തു തട്ടിപ്പും നടത്താമെന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട് എന്നതാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് വെളിച്ചത്തു കൊണ്ടുവരുന്ന വസ്തുത.
കഴിഞ്ഞ പ്രളയകാലത്ത് സ്വരൂപിച്ചിരുന്ന പ്രളയ ഫണ്ടിൽ വ്യാപകമായ തട്ടിപ്പും കൊള്ളയും നടന്നത് സഹകരണ ബാങ്കുകൾ വഴിയാണെന്ന് കേരളം തിരിച്ചറിഞ്ഞിരുന്നു. ഭരണ സമിതിക്കാരായ രാഷ്ടീയ നേതൃത്വത്തിൻ്റെ ഒത്താശയും പിൻബലവുമാണ് ഇത്തരം തട്ടിപ്പുകൾ വ്യാപകമാകുന്നതിനുള്ള കാരണം. തട്ടിപ്പുകാർ രാഷ്ടീയ പിൻബലത്തോടെ, അവരുടെ ഒത്താശയോടെ പിൻവാതിലിലൂടെ രക്ഷപ്പെട്ട് മാന്യൻമാരായി സമൂഹമദ്ധ്യത്തിൽ വിലസി നടക്കുന്ന കാഴ്ച അരോചകം തന്നെ.
ഇത്തരം കേസുകളുണ്ടാകുമ്പോൾ സാധാരണയായി ഉണ്ടാകുന്ന “ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ ” എന്ന ലളിത പ്രസ്താവനയിൽ എല്ലാം അവസാനിക്കുന്ന പരിതാപകരമായ അവസ്ഥാ വിശേഷം ഒഴിവാക്കേണ്ടത് തന്നെയാണ്. പ്രതികൾ എത്ര പ്രബലരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരികയും അർഹിക്കുന്ന ശിക്ഷ ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് ഉത്തരവാദപ്പെട്ടവരുടെ കടമയാണെന്ന കാര്യം വിസ്മരിക്കരുത്. സാധാരണ മനുഷ്യർ ജീവിതകാലം മുഴുവനും അദ്ധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് കൊള്ളയടിച്ചു കൊണ്ടുപോകാൻ ഇത്തരം സഹകരണ സ്ഥാപനങ്ങളെയും അതിലെ ഉദ്യോഗസ്ഥരെയും ഇനിയും അനുവദിക്കരുത്.