നൂറുദിന കർമ്മപരിപാടിയിലെ സുപ്രധാനമായ മറ്റൊരു ലക്ഷ്യംകൂടി പൂർത്തീകരിച്ചിരിക്കുന്നു. നഗരസഭകളിൽ കെട്ടിട നിർമ്മാണ അപേക്ഷകൾ ഓൺലൈൻ സംവിധാനത്തിലൂടെ തീർപ്പുകൽപ്പിക്കുന്ന ഐബിപിഎംഎസ് പദ്ധതി സംസ്ഥാനതലത്തിൽ നടപ്പാക്കുന്നു.
നഗരസഭകളിൽ പോകാതെതന്നെ കെട്ടിട നിർമ്മാണ പെർമിറ്റിന് അപേക്ഷിക്കാനും അവ ലഭ്യമാക്കാനും കഴിയുന്ന ഇന്റലിജന്റ് ബിൽഡിങ് പെർമിറ്റ് മാനേജ്മെന്റ് സംവിധാനം കേരളത്തിലെ എല്ലാ നഗരസഭയിലേക്കും വ്യാപിപ്പിക്കുകയാണ്.
സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലും 87 നഗരസഭകളിലും ഐബിപിഎംഎസ് സംവിധാനം മുഖേന നിർമ്മാണ അനുമതി ലഭിക്കാൻ പോവുകയാണ്. ഈ സംവിധാനം കോർപ്പറേഷനുകളിലും ആലപ്പുഴ, ഗുരുവായൂർ നഗരസഭകളിലും മാത്രമേ പ്രാബല്യത്തിലുള്ളു.
2019ലെ പരിഷ്കരിച്ച കെട്ടിട നിർമ്മാണ ചട്ടങ്ങൾക്കനുസൃതമായി അപേക്ഷകൾ പരിശോധിച്ച് പരാതിരഹിതമായി തീർപ്പുകൽപ്പിക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.
കുറഞ്ഞ അപകട സാധ്യത വിഭാഗത്തിലുള്ള കെട്ടിടങ്ങൾക്ക് സ്ഥലപരിശോധന ഒഴിവാക്കിയുള്ള നിർമ്മാണ അനുമതിയും ഇതിലൂടെ ലഭ്യമാകും.