സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 22 പേര്‍ രോഗമുക്തരായി

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് സ്ഥിരീകരിച്ച 111 പേരിൽ 50 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 48 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പത്ത് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. 22 പേര്‍ രോഗമുക്തരായി. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നക്കത്തിലേക്ക് കടന്ന ദിവസമാണ് ഇന്നെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

പാലക്കാട് – 40, മലപ്പുറം – 18, പത്തനംതിട്ട – 11, എറണാകുളം – 10, തൃശ്ശൂര്‍ – എട്ട്, തിരുവനന്തപുരം – അഞ്ച്, ആലപ്പുഴ – അഞ്ച്, കോഴിക്കോട് – നാല്, ഇടുക്കി – മൂന്ന്, കൊല്ലം – രണ്ട്, വയനാട് – മൂന്ന്, കോട്ടയം, കാസര്‍കോട് ജില്ലകളില്‍ ഒന്നുവീതം എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ എണ്ണം. തിരുവനന്തപുരത്ത് ഒരാളും, ആലപ്പുഴയില്‍ നാലുപേരും, എറണാകുളത്ത് നാലുപേരും, തൃശ്ശൂരില്‍ അഞ്ചുപേരും, കോഴിക്കോട് ഒരാളും, കാസര്‍കോട് ഏഴുപേരും ഇന്ന് രോഗമുക്തി നേടി.

3,597 സാമ്പിളുകള്‍ ഇന്ന് പരിശോധിച്ചു. ഇപ്പോള്‍ ചികില്‍സയില്‍ 973 പേരാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമായി 177033 പേരാണ് സംസ്ഥാനത്ത് എത്തിയത്. 30363 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് 1,46670 പേര്‍ വന്നു.