മുംബൈയിൽ ബോട്ട് മുങ്ങി 13 മരണം; മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

0

മുംബൈ: മുംബൈ തീരത്ത് നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ച് 13 മരണം. നിരവധി പേരെ കാണാതായി. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്‍റാ ദ്വീപിലേക്ക് പൊയ നീല്‍കമല്‍ എന്ന ഫെറി ബോട്ടാണ് വി മുംബൈയിലെ ഉറാനു സമീപം അപകടത്തിൽ പെട്ടത്.

മരിച്ചവരിൽ 10 സാധാരണക്കാരും മൂന്ന് നാവികസേനാംഗങ്ങളും ഉൾപ്പെടുന്നുവെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നാഗ്പൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുംബൈയ്ക്കടുത്തുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ എലിഫന്‍റ ഐലൻഡിലേക്ക് പൊകുകയായിരുന്ന നീലകമൽ ഫെറിയിൽ വൈകുന്നേരം 4 മണിയോടെ സ്പീഡ് ബോട്ട് ഇടിക്കുകയായിരുന്നുവെന്ന് ഫഡ്‌നാവിസ് പറഞ്ഞു. നൂറോളം യാത്രക്കാരും ജീവനക്കാരും ബോട്ടിൽ ഉണ്ടായിരുന്നതായാണു വിവരം.

സ്പീഡ് ബോട്ടിൽ നാവികസേനാംഗങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ ഫെറിയിലും സ്പീഡ് ബോട്ടിലും എത്ര പേർ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. 101 പേരെ രക്ഷപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

സ്പീഡ് ബോട്ട് ഫെറി ബോട്ടിൽ അതിവേഗത്തിലെത്തി ഇടിക്കുകന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. മുങ്ങിക്കൊണ്ടിരിക്കുന്ന ബോട്ടിൽ നിന്ന് ലൈഫ് ജാക്കറ്റ് ധരിച്ച യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ജവാഹര്‍ലാല്‍ നെഹ്‌റു തുറമുഖ അതോറിറ്റി, കോസ്റ്റ് ഗാര്‍ഡ്, നാവികസേന, യെല്ലോ ഗേറ്റ് പൊലീസ്, പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 11 നേവി ബോട്ടുകളും മറൈൻ പൊലീസിന്‍റെ മൂന്ന് ബോട്ടുകളും കോസ്റ്റ് ഗാർഡിന്‍റെ ഒരു ബോട്ടും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് ഒരു പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. നേവിയുടെ നാല് ഹെലികോപ്റ്ററുകളും രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

രക്ഷപ്പെടുത്തിയ 56 പേരെ ജെഎൻപിടി ആശുപത്രിയിലും 21 പേരെ നേവി ഡോക്ക്‌യാർഡ് ആശുപത്രിയിലും 1 പേരെ അശ്വിനി ആശുപത്രിയിലും 9 പേരെ സെന്‍റ് ജോർജ് ആശുപത്രിയിലും 12 പേരെ കരഞ്ജെ ആശുപത്രിയിലും 10 പേരെ എൻഡികെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരിൽ ഏതാനും പേരുടെ നില ഗുരുതരമാണ്.

മരിച്ചവരുടെ കുടുംബങ്ങളെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അനുശോചനം അറിയിച്ചു. അപകടത്തിൽ വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ ദുഃഖമുണ്ട്. പരിക്കേറ്റ നാവികസേനാംഗങ്ങളും ഇരു കപ്പലുകളിലെയും സിവിലിയന്മാരും ഉൾപ്പെടെയുള്ളവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.