ന്യൂഡൽഹി: ബ്രിട്ടണില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ജനിതക മാറ്റം വന്ന കോവിഡ് ഇന്ത്യയില്‍ 14 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു.. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നുരാവിലെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ആറ് പേര്‍ക്ക് സ്ഥിരീകരിച്ചിരുന്നു. ഇതോടെ അതിതീവ്ര വ്യാപന സാധ്യതയുള്ള ജനിതകമാറ്റം സംഭവിച്ച വൈറസ് ബാധിച്ചവരുടെ എണ്ണം 20 ആയി.പുതിയ വകഭേദം കണ്ടെത്തിയവരിൽ രണ്ട് വയസുകാരിയും ഉണ്ട്.
എന്‍.സി.ഡി.സി ഡല്‍ഹിയില്‍ നടത്തിയ പരിശോധനയില്‍ എട്ട് പേര്‍ക്കും ബെംഗളൂരു നിംഹാന്‍സില്‍ നടത്തിയ പരിശോധനയില്‍ ഏഴ് പേര്‍ക്കും ഹൈദരാബാദ് സി.സി.എം.ബി.യില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്കും പോസിറ്റീവ് ആയി. എന്‍ഐജിബി കൊല്‍ക്കത്ത, എന്‍.ഐ.വി പൂണെ, ഐ.ജി.ഐ.ബി ഡല്‍ഹി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഒരാള്‍ക്ക് വീതവും ജനിതകമാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചു.കൂടുതൽ സാംപിളുകളിൽ പരിശോധന തുടരുകയാണ്.
യുകെയില്‍നിന്നു മടങ്ങിയെത്തിയവര്‍ക്കാണു പുതിയ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടനില്‍നിന്ന് ഉത്തര്‍പ്രദേശിലെ മീററ്റിലെത്തിയ രണ്ടുവയസുകാരിക്കും ജനിതകമാറ്റം വന്ന കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ജനിതകമാറ്റം വന്ന വൈറസ് കണ്ടെത്താൻ പത്തു ലാബുകളുടെ കൺസോർഷ്യം രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിൽ യുകെയിൽ നിന്ന് ഇന്ത്യയിലെത്തിയത് 33000 പേരാണ്.
ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചവരെ വെവ്വേറെ മുറികളില്‍ പ്രത്യേകം സമ്പര്‍ക്കവിലക്കിലാക്കിയെന്നും സ്ഥിതി ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇവരുമായി സമ്പര്‍ക്കമുണ്ടായ സഹയാത്രികര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കോവിഡിനുകാരണമായ സാര്‍സ് കോവ്-2 വൈറസിന്റെ ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ വകഭേദമാണ് ഇവരില്‍ കണ്ടെത്തിയത്.
വകഭേദം വന്ന വൈറസിന് പഴയതിനെ അപേക്ഷിച്ച് വ്യാപനശേഷി 70 ശതമാനം കൂടുതലാണ്. ഒരാളില്‍നിന്ന് വളരെവേഗം മറ്റൊരാളിലേക്ക് പകരും. എന്നാല്‍, ഈ ഇനം വൈറസ് കൂടുതല്‍ മാരകമാണെന്നതിന് തെളിവുകളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. പുതിയ വൈറസ് വകഭേദം ബ്രിട്ടനുപുറമേ ഇന്ത്യ, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്സ്, ഓസ്ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപ്പൂര്‍,യു.എ.ഇ എന്നീ രാജ്യങ്ങളിലാണ് ഇതുവരെ കണ്ടെത്തിയത്.