മാലി: ഇന്ത്യയില്‍ നിന്നുള്ള ഡോര്‍ണിയര്‍ വിമാനത്തിന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് 14-കാരന്‍ മരിച്ചതായി ആരോപണം. മാലദ്വീപിന്റെ ഭാഗമായ വില്ലിങ്ങിലി എന്ന വിദൂരദ്വീപിലെ ആണ്‍കുട്ടിയാണ് മരിച്ചത്. മസ്തിഷ്‌കത്തില്‍ ട്യൂമറും പക്ഷാഘാതവും ബാധിച്ച കുട്ടി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മതിയായ ചികിത്സ കിട്ടാതെയാണ് മരിച്ചത്.
വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി മാലിദ്വീപ് തലസ്ഥാനമായ മാലിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്ത് കൊണ്ടുപോകാനായി കുടുംബം എയര്‍ ആംബുലന്‍സ് ആവശ്യപ്പെട്ടിരുന്നു. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്ക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍) നിര്‍മ്മിച്ച് ഇന്ത്യ മാലദ്വീപിന് നല്‍കിയ ഡോണിയര്‍ വിമാനമാണ് ഇത്തരം സാഹചര്യങ്ങളില്‍ ഉപയോഗിച്ചിരുന്നത്.
ബുധനാഴ്ച രാത്രി പക്ഷാഘാതം വന്നതോടെയാണ് കുട്ടിയുടെ ആരോഗ്യനില വഷളായത്. ഉടന്‍ കുടുംബം എയര്‍ ആംബുലന്‍സിനായി അധികൃതരെ വിളിച്ചു. എന്നാല്‍ ഇവരുടെ ഫോണ്‍വിളികള്‍ ആരും എടുത്തില്ല. വ്യാഴാഴ്ച രാവിലെ എട്ടരയ്ക്കാണ് വ്യോമയാന ഓഫീസിലെ അധികൃതരില്‍ നിന്ന് പ്രതികരണമുണ്ടായത്. അധികൃതരുടെ അലംഭാവം കാരണം വിലപ്പെട്ട 16 മണിക്കൂറാണ് കുടുംബത്തിന് നഷ്ടമായത്.
സർക്കാർ ഉടമസ്ഥതയിലുള്ള ആസന്ത കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ അടിയന്തര സാഹചര്യങ്ങളില്‍ എയര്‍ ആംബുലന്‍സില്‍ കൊണ്ടുപോകേണ്ട ചുമതലയുള്ളത്. ഫോണ്‍വിളി ലഭിച്ച ഉടന്‍ തങ്ങള്‍ എയര്‍ ആംബുലന്‍സ് സജ്ജമാക്കിയെന്നാണ് കമ്പനി പ്രസ്താവനയില്‍ അറിയിച്ചത്. വൈകിയതിന് കാരണം സാങ്കേതിക തകരാറാണെന്നും കമ്പനി അറിയിച്ചു.
മാലിയിലെ ആശുപത്രിയിലെത്തിച്ച കുട്ടിയെ ഉടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ
ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയോടുള്ള പ്രസിഡന്റിന്റെ വിരോധം തീര്‍ക്കാന്‍ ജനങ്ങള്‍ അവരുടെ ജീവന്‍ ത്യജിക്കേണ്ടതില്ല എന്ന് എം.പിയായ മീകൈല്‍ നസീം എക്‌സില്‍ പോസ്റ്റ് ചെയ്തു. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതിന് പിന്നാലെയാണ് സംഭവമെന്നത് ശ്രദ്ധേയമാണ്.