18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'
തിരുവനന്തപുരം: 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ (IDSFFK) പ്രശസ്ത ഫോട്ടോജേണലിസ്റ്റ് രഘു റായ് ഉൾപ്പെടെയുള്ള ചലച്ചിത്ര മേഖലയിലെ പ്രമുഖർക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്' ഒരുക്കുന്നു. രഘു റായ്ക്ക് പുറമേ പ്രമുഖ ചലച്ചിത്ര പ്രതിഭകളായ രാജ സെൻ, ഡോ. എസ്. കൃഷ്ണസ്വാമി, ടോണി ഗാറ്റ്‌ലിഫ്, കെൻ ജേക്കബ് എന്നിവർക്കാണ് ഈ പാക്കേജിലൂടെ മേള ആദരവ് അർപ്പിക്കുന്നത്.
ആധുനിക ഫോട്ടോജേർണലിസത്തിലെ ഇതിഹാസമായ രഘു റായ്‌യുടെ കലാജീവിതം പ്രമേഹമാക്കിയ 'രഘു റായ്: ആൻ അൺഫ്രെയിംഡ് പോർട്രെയ്റ്റ്' ആണ് ഈ പാക്കേജിലെ പ്രധാന ആകർഷണം. അദ്ദേഹത്തിന്റെ മകൾ ആവണി റായ് സംവിധാനം ചെയ്ത ഈ ചിത്രം കേവലം ഒരു ജീവചരിത്രത്തിനപ്പുറം ഭോപ്പാൽ വാതക ദുരന്തം, ബംഗ്ലാദേശ് യുദ്ധം, അടിയന്തരാവസ്ഥ തുടങ്ങിയ ഇന്ത്യയുടെ ചരിത്രപരമായ വഴിത്തിരിവുകളെയും അടയാളപ്പെടുത്തുന്നു.
പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് പ്രമുഖ ചിത്രങ്ങൾ:
*** ഫിൽമേക്കർ ഫോർ ഫ്രീഡം (സംവിധാനം: രാജ സെൻ):** ബംഗാളി സാഹിത്യത്തിൽ വേരൂന്നിയ ചലച്ചിത്രങ്ങൾ സൃഷ്ടിച്ച് മൂന്ന് തവണ ദേശീയ അവാർഡ് നേടിയ പ്രശസ്ത ഇന്ത്യൻ സംവിധായകൻ തപൻ സിഹ്നയുടെ ജീവിതത്തെയും ചലച്ചിത്രസപര്യയെയും ആസ്പദമാക്കിയുള്ള ബയോഗ്രഫിക്കൽ ഡോക്യുമെന്ററിയാണിത്.
- ത്രൂ എ ഡിഫറന്റ് ലെൻസ് (സംവിധാനം: ഡോ. എസ്. കൃഷ്ണസ്വാമി): പത്മശ്രീ പുരസ്കാര ജേതാവും പ്രശസ്ത ഡോക്യുമെന്ററി സംവിധായകനുമായ ഡോ. എസ്. കൃഷ്ണസ്വാമിയുടെ ഈ ചിത്രം, ബ്രിട്ടീഷ് ഭരണകാലത്ത് പുറത്തിറങ്ങിയ സിനിമകൾ പ്രേക്ഷകരിൽ ഉണ്ടാക്കിയ സ്വാധീനത്തെയാണ് വിശകലനം ചെയ്യുന്നത്.
- ദി ഔട്ട്‌റേജ്ഡ് (സംവിധാനം: ടോണി ഗാറ്റ്‌ലിഫ്): ആഗോള സിനിമയിലെ റോമാ സംസ്കാരത്തിന്റെ വക്താവായ ഫ്രഞ്ച്-അൾജീരിയൻ-റോമാ സംവിധായകൻ ടോണി ഗാറ്റ്‌ലിഫിന്റെ ഈ ചിത്രം, 2011-ലെ യൂറോപ്യൻ സാമ്പത്തിക പ്രതിസന്ധിക്കെതിരായ പ്രക്ഷോഭങ്ങളെ ഒരു അനധികൃത കുടിയേറ്റക്കാരന്റെ കണ്ണുകളിലൂടെ ദൃശ്യവൽക്കരിക്കുന്നു.
*** ലെറ്റ് തേർ ബി വിസിൽബ്ലോവർസ് (സംവിധാനം: കെൻ ജേക്കബ്):** അമേരിക്കൻ അവന്റ്-ഗാർഡ് സിനിമാപ്രസ്ഥാനത്തിലെ പ്രമുഖനായ കെൻ ജേക്കബ് ഒരു തുരങ്കപാതയിലൂടെ സഞ്ചരിക്കുന്ന ട്രെയിന്റെ ദൃശ്യങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വേറിട്ട ഡോക്യുമെന്ററിയാണിത്.