റിയാദ്: സൗദി അറേബ്യയില്‍ കെട്ടിടത്തിന്‍റെ നാലാമത്തെ നിലയില്‍ നിന്ന് താഴേക്ക് വീണ രണ്ടു വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. റിയാദ് മേഖലയിലെ അഫീഫ് സിറ്റിയിലാണ് സംഭവം ഉണ്ടായത്. കെട്ടിടത്തില്‍ താമസിക്കുന്ന മറ്റൊരു സ്ത്രീകള്‍ക്കൊപ്പം കുട്ടിയുടെ അമ്മയും കുട്ടിയും സഹോദരിയും നാലാം നിലയിലെ മുറിയിൽ സംസാരിക്കുകയായിരുന്നു. ഇതിനിടെ കുട്ടിയുടെ സഹോദരി അബദ്ധത്തില്‍ മുറിയുടെ ജനല്‍ തുറന്നപ്പോള്‍ 2 വയസുകാരി അതിലൂടെ താഴേക്ക് വീഴുകയായിരുന്നെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
സെക്യൂരിറ്റി ഗാര്‍ഡിന്‍റെ മുന്നിലേക്കാണ് കുട്ടി വീണത്. അപകടം നടക്കുന്ന സമയത്ത് കുട്ടിയുടെ പിതാവ് ജോലിസ്ഥലത്തായിരുന്നു. ഉടനെ ഇയാൾ താഴേക്ക് വീണ കുട്ടിയെ എടുക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. പിന്നീട് കുട്ടിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കി. കുട്ടി നിലത്ത് വീണപ്പോൾ മരിച്ചെന്നാണ് ആദ്യം സെക്യൂരിറ്റി വിചാരിച്ചത്. എന്നാല്‍ ജീവനുണ്ടെന്ന് മനസിലായപ്പോള്‍ അത്ഭുതമാണ് തോന്നിയതെന്ന് സെക്യൂരിറ്റി ഗാർഡ് പറഞ്ഞു. കുട്ടി താഴെയ്ക്കു വീഴുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായണ്. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ ആണ് വ്യാപകമായി പ്രചരിക്കുന്നത്.