ജൂൺ ഒന്നു മുതൽ ട്രെയിൻ സർവ്വീസ് ഭാ​ഗികമായി പുനരാരംഭിക്കും

0

ന്യൂഡല്‍ഹി: ജൂണ്‍ ഒന്നു മുതല്‍ രാജ്യത്ത് ട്രെയിൻ സർവ്വീസ് ഭാഗികമായി പുന:രാരംഭിക്കും. ആഭ്യന്തര-ആരോഗ്യ മന്ത്രാലയങ്ങളുമായുള്ള ചർച്ചക്ക് ശേഷമാണ് തീരുമാനമെന്ന് റയിൽവേ മന്ത്രാലയം അറിയിച്ചു. ജൂൺ ഒന്നു മുതൽ റെയില്‍വേയുടെ 200 നോണ്‍ എസി ട്രെയിനുകളാണ് സർവീസ് നടത്തുക. സർവ്വീസ് ആരംഭിക്കുന്ന 200 ട്രെയിനുകളുടെ പട്ടികയും സർക്കാർ പുറത്തുവിട്ടു. നാളെ മുതൽ ടിക്കറ്റ് ബുക്കിം​ഗ് ആരംഭിക്കുമെന്നും സർക്കാർ അറിയിച്ചു.

കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലേക്കും സര്‍വീസുണ്ടാകും. കേരളത്തിലേക്ക്് ഇന്ന് വൈകിട്ട് ആറിന് ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പ്രത്യേക ട്രെയിന്‍ പുറപ്പെടും. 1304 പേരുടെ പട്ടികയാണ് തയാറാക്കിയിട്ടുള്ളത്. വിവിധയിടങ്ങളില്‍ കുടുങ്ങിയ മലയാളികളാണ് ഇതില്‍ എത്തുക.

ഇപ്പോള്‍ സര്‍വീസ് നടത്തുന്നത് 15 പാസഞ്ചര്‍ സര്‍വീസുകളാണ്. ഇതാണ് വരുന്ന മാസം 200 ആയി ഉയര്‍ത്തുന്നത്. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന 15 ട്രെയിനുകളും എസി ട്രെയിനുകളാണ്. വെയ്റ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ മെയ് 22 മുതല്‍ പരിഗണിക്കുമെന്ന് റെയില്‍വേ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കേന്ദ്രം അടുത്ത ഘട്ടം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ തീരുമാനം.