ഓണത്തിന്‍റെ നിറച്ചാര്‍ത്തുകള്‍ ഒഴിഞ്ഞ മലയാളി മനസ്സുകള്‍ക്ക് നിറങ്ങളുടെയും ചിന്തോദ്ദീപകമായ വരകളുടെയും വിരുന്നൊരുക്കാന്‍ സിംഗപ്പൂര്‍ വര്‍ണ്ണം 2015 ആര്‍ട്ട് എക്സിബിഷന്‍ ഒരുങ്ങുന്നു. ഒക്ടോബര്‍ 10 , 11 തീയതികളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ ആയിരിക്കും എക്സിബിഷന്‍ നടക്കുക. 140 Hill Street ലെ MIC ARTrium വര്‍ണ്ണം 2015 ന് വേദിയാകും.
ഇത് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് വര്‍ണ്ണം നടത്തപ്പെടുന്നത്. സിംഗപ്പൂര്‍ മലയാളി അസോസ്സിയേഷന്‍റെ മേല്‍നോട്ടത്തില്‍ ആണ് ഇത് നടത്തി വരുന്നത്. മലയാളികളായ ചിത്രകാരന്മാരുടെ കൂട്ടായ്മയാണ് വര്‍ണ്ണത്തിന് പിന്നില്‍. ചിത്ര കലയെ പ്രോത്സാഹിപ്പിക്കാന്‍ അസോസ്സിയേന്‍ നടത്തുന്ന പ്രവര്‍ത്തങ്ങളുടെ ഭാഗമായിട്ട് ആണ് ഇത്. ചിത്രങ്ങളുടെ വിപുലമായ പ്രദര്‍ശനവും ഒപ്പം വില്‍പ്പനയ്ക്കുള്ള അവസരവുമാണ് വര്‍ണ്ണം ലക്ഷ്യമിടുന്നത്. എന്നാല്‍ അതിലുപരി മറുനാടന്‍ മലയാളി ചിത്രകാരന്മാരുടെ കഴിവുകളെ സിംഗപ്പൂര്‍ പോലെ അന്താരാഷ്ട്ര വിനോദ സഞ്ചാര പ്രാധാന്യമുള്ള ഒരിടത്ത് പ്രദര്‍ശിപ്പിക്കാന്‍ ഉള്ള അവസരം ഒരുക്കുക എന്നതും ഇതില്‍ പെടുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ണ്ണം കൈവരിച്ച വമ്പിച്ച വിജയം ഇതിന്‍റെ സംഘാടന മികവും മികച്ച രചനകളുടെ അണിനിരത്തലും ആയിരുന്നു.
ഇരുപത്തി എട്ടോളം ചിത്രകാരന്‍മാരുടെ 200 ഓളം രചനകള്‍ ആണ് വര്‍ണ്ണത്തില്‍ ഉണ്ടാവുക. ചുരുങ്ങിയ ഒരു കൂട്ടം പേരില്‍ നിന്നും വലിയ ഒരു കലാ കൂട്ടായ്മ ആയി വര്‍ണ്ണം മാറുകയായിരുന്നു. ഇപ്പോള്‍ മലയാളി കലാകാരന്‍ മാരുടെ രചനകളുടെ ഒരു വിപണന മേള കൂടിയാണ് ഇത്.
കഴിഞ്ഞ വര്‍ഷം രണ്ടു ദിവങ്ങളിലായി രണ്ടായിരം പേര്‍ വര്‍ണ്ണം കാണാന്‍ എത്തിയിരുന്നു. മ്യുറല്‍ ചിത്രങ്ങളുടെ വലിയ വില്‍പ്പന തന്നെ ആവേശമായി. കൂടാതെ ഓയില്‍, വാട്ടര്‍ കളര്‍, പെന്‍സില്‍ ചിത്രങ്ങള്‍ വരെ മോഹിച്ചു വാങ്ങാന്‍ കാഴ്ചക്കാര്‍ തയ്യാറായി. 100 മുതല്‍ 10000 ഡോളര്‍ വരെ വിലയുള്ള ചിത്രങ്ങള്‍ ഇവിടെ വിലപനക്ക് ഉണ്ടാവും.
അബ്സ്ട്രാക്റ്റ്, കണ്ടെംപെറരി, മ്യുറല്‍, സ്റ്റില്‍ ലൈഫ്, പോര്‍ട്രൈറ്റ് മുതലായ രചനാ മാര്‍ഗങ്ങളും ചാര്‍കോള്‍, വാട്ടര്‍ കളര്‍, ഓയില്‍, പെന്‍സില്‍, മിക്സഡ്, അക്രിലിക്, തുടങ്ങി ഉപയോഗത്തില്‍ ഉള്ള എല്ലാ ചിത്ര രചനാ മാധ്യമങ്ങളും ഉപയോഗിക്കുന്ന കലാകരന്മാര്‍ വര്‍ണ്ണത്തിന്‍റെ ഭാഗമാകുന്നു.
നിറങ്ങളുടെ പൂക്കാലമാണ് വര്‍ണ്ണത്തിന്‍റെ ചന്തം. ചുവര്‍ ചിത്രചാരുതയില്‍ പ്രൌഢമായ മ്യുറലുകളും, ചിന്തകളുടെ നൂലാമാലകള്‍ കോര്‍ത്ത അബ്സ്ട്രാക്റ്റ്കളും, കറുപ്പിന്റെ കാന്തി വാരി വിതറുന്ന ചാര്‍ക്കോള്‍ ചിത്രങ്ങളും, ത്രിമാന രൂപം പേറുന്ന മിക്സെഡ് മീഡിയ ചിത്രങ്ങളും ഇക്കുറിയും വര്‍ണ്ണത്തില്‍ വിസ്മയങ്ങള്‍ തീര്‍ക്കും.
കൂടാതെ ചിത്രകാരന്മാര്‍ നടത്തുന്ന ശില്പശാലകള്‍ ആണ് മറ്റൊരു നേട്ടം. കാണാന്‍ വരുന്നവരെ ചിത്ര കലയുടെ നൂതന രീതികള്‍ എളുപ്പത്തില്‍ പറഞ്ഞു കൊടുക്കുന്ന ഇവ വര്‍ണ്ണത്തില്‍ രണ്ടു ദിവസവും നടത്തുന്നു. മ്യുറല്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതിന്റെ സാങ്കേതിക വശങ്ങള്‍, നിറങ്ങളുടെ നിര്‍മ്മിതി, ചാര്‍ക്കോള്‍ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാം എന്നിവ അത് ചെയ്തു കാണിക്കുന്നു. കുട്ടികള്‍ക്കായി ചിത്ര കലയുമായി ബന്ധപ്പെട്ട മത്സരങ്ങളും നടക്കും. സിംഗപ്പൂര്‍ നാഷണല്‍ ആര്‍ട്ട് കൌണ്‍സിലിന്‍റെ സഹകരണത്തോടെയാണ് വര്‍ണ്ണം നടക്കുക. സിംഗപ്പൂര്‍ മലയാളി അസോസിയെഷന്‍ ഭാരവാഹികളും വര്‍ണ്ണത്തിന് നേതൃത്വം നല്‍കും.