ഇന്ത്യക്ക് മെഡിക്കല്‍ ഉപകരണങ്ങളുമായി ചൈനയില്‍ നിന്ന് എത്തിയത് 24 വിമാനങ്ങള്‍; 20 വിമാനങ്ങള്‍കൂടി എത്തും

0

ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധത്തിനുള്ള മെഡിക്കല്‍ ഉപകരണങ്ങളുമായി ചൈനയില്‍ നിന്ന് ഇതുവരെ ഇന്ത്യയിലെത്തിയത് 24 വിമാനങ്ങള്‍. അടുത്ത ഒരാഴ്ചക്കകം 20 വിമാന ലോഡ് കൂടി ചൈനീസ് കമ്പനികള്‍ എത്തിക്കുമെന്ന്സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഏപ്രില്‍ 21നും 27നും ഇടയില്‍ ഈ വിമാനങ്ങള്‍ക്ക് അനുമതിക്കായി ചൈനയിലെ സിവില്‍ ഏവിയേഷനെ സമീപിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.

ഏപ്രില്‍ നാലിനു ശേഷമുള്ള രണ്ടാഴ്ചകളിലായി ഷാങ്ഹായ്, ഗുവാങ്ഷു, ഷെന്‍യെന്‍, ക്‌സിയാന്‍, ഹോങ് കോങ് എന്നിവിടങ്ങളില്‍ നിന്നാണ് മെഡിക്കല്‍ ഉപകരണങ്ങളുമായി 24 ഫ്‌ളൈറ്റുകള്‍ ഇന്ത്യയിലെത്തിയത്. ആര്‍ടി-പിസിആര്‍, റാപിഡ് ആന്റിബോഡി ടെസ്റ്റ് കിറ്റുകള്‍, തെര്‍മോമീറ്ററുകള്‍, സ്വയംരക്ഷാ വസ്തുക്കള്‍ എന്നിവയടക്കം ചൈനയിലെ വിവിധ നഗരങ്ങളില്‍ നിന്നായി 390 ടണ്‍ മെഡിക്കല്‍ ഉത്പന്നങ്ങളാണ് എത്തിച്ചത്. 6,50,000 പരിശോധനാ കിറ്റുകളും രണ്ട് കാര്‍ഗോ വിമാനങ്ങളിലായി കഴിഞ്ഞാഴ്ച ചൈന എത്തിച്ചിരുന്നു.

ഇംപീരിയല്‍ ലൈഫ് സയന്‍സസ്, എച്ച്എല്‍എല്‍, മാട്രിക്‌സ് ലാബ്‌സ്, ഇന്‍വെക്‌സ് ഹെല്‍ത്ത് കെയര്‍, മാക്‌സ്, റിലയന്‍സ്, ടാറ്റ, അദാനി ഗ്രൂപ്പിന്റെ കമ്പനികള്‍ എന്നിവര്‍ക്കായിരുന്നു പ്രധാനമായും ചരക്കുകള്‍ എത്തിയത്. കര്‍ണാടക, അസം, തമിഴ്നാട്, രാജസ്ഥാന്‍ എന്നീ നാല് സംസ്ഥാന സര്‍ക്കാരുകളും ഈ പട്ടികയിലുണ്ട്.

കഴിഞ്ഞ യാഴ്ച 650000 ടെസ്റ്റ് കിറ്റുകളാണ് ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തിയത്. ചൈനീസ് കമ്പനികളുമായി സര്‍ക്കാരും സ്വകാര്യ സ്ഥാപനങ്ങളും ഒരു കോടി അമ്പത് ലക്ഷം പിപിഇ കിറ്റുകള്‍ക്കും 15 ലക്ഷം ഫറാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ക്കുമുള്ള കരാറിലെത്തിയിട്ടുണ്ട്.

ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ഉപയകക്ഷി ബന്ധത്തിന്റെ മികച്ച സൂചനയാണ് ഇതെന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍ വിക്രം മിസ്രി കഴിഞ്ഞ ദിവസം പറഞ്ഞു. ചൈനയില്‍ കൊവിഡ് ബാധ ശക്തമായ സമയത്ത് വുഹാനിലേക്ക് ഇന്ത്യ അവശ്യമരുന്നുകളും ഉപകരണങ്ങളും എത്തിച്ച് നല്‍കിയിരുന്നു.