സിങ്കപ്പൂര്‍: ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി മാറാന്‍ സിങ്കപ്പൂര്‍ ഒരുങ്ങി കഴിഞ്ഞു. ഇനി ലോകം ഉറ്റു നോക്കുന്നത് സിങ്കപ്പൂരിലേക്കായിരിക്കും. തണല്‍ മരങ്ങള്‍ ഇല്ലാത്തതിനാല്‍ സിങ്കപ്പൂരിലെ കനത്ത ചൂടിനെ നേരിടാനും വിനോദ സഞ്ചാരികളുടെ കേന്ദ്രമായി മാറാനും നിര്‍മ്മിച്ച സിങ്കപ്പൂരിന്റൈ കോണ്‍ക്രീറ്റ് കാടുകള്‍ പണിപൂര്‍ത്തിയാക്കി തലഉയര്‍ത്തി കഴിഞ്ഞു.
50 മീറ്റര്‍ ഉയരത്തിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. ഭീമാകാരമായ സ്റീലുകളും കൂറ്റന്‍ കോണ്‍ക്രീറ്റ് തൂണുകളും ശാഖകളായി ആയിരക്കണക്കിന് വയര്‍ കമ്പികളുമാണ് ഈ കോണ്‍ക്രീറ്റ് കാടുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 350 മില്ല്യണ്‍ പൌണ്ട് ഉപയോഗിച്ച് സിങ്കപ്പൂരിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ മറീനാ ബേയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. സോളാര്‍ പാനല്‍, ഹാങിങ് ഗാര്‍ഡനുകള്‍, റെയിന്‍ ക്യാച്ചസ് തുടങ്ങിയവയും ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്. കാഴ്ച്ചക്കാര്‍ക്ക് വേണ്ടി രണ്ട് കോണ്‍ക്രീറ്റ് വിതാനങ്ങളിലൂടെ നടന്നു കാണാന്‍ 22 മീറ്റര്‍ ഉയരത്തില്‍ വാക്ക് വേയും നിര്‍മ്മാണം പൂര്‍ത്തിയാക്കി കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സസ്യലതാദികള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും.
സിങ്കപ്പൂരിനെ ലോകത്തിന്റെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആക്കി മാറ്റുക എന്ന ഉദ്ദേശത്തോടെ നിര്‍മ്മിച്ചിരിക്കുന്ന ഇവിടെ ആളുകളെ ആകര്‍ഷിക്കും വിധം പച്ചപ്പ് വിതച്ച പ്രദേശങ്ങളും സൃഷ്ടിക്കുന്നുണ്ട്. പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ സിങ്കപ്പൂര്‍ പുഷ്പോത്സവവും ഇവിടെ ആയിരിക്കും അരങ്ങേറുക. നടപ്പാതയില്‍ നിരവധി ആര്‍ട്ടിഫിഷല്‍ മരങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. ലൈറ്റ് ആന്‍ഡ് സൌണ്ട് ഷോയും ഒരുക്കുന്നുണ്ട്. ജുലൈ രണ്ട് മുതല്‍ എല്ലാ ഞായറാഴ്ച്ചയും ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഇതും ആസ്വദിക്കാം.