ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട വ്യക്തി ഇന്ത്യന്‍ ടെക്കി യുവതിയില്‍നിന്ന് തട്ടിയെടുത്തത് 3.73 കോടി രൂപ. അമേരിക്കയിലെ ഫിലഡെല്‍ഫിയയിലാണ് സംഭവം. ഫിലഡെല്‍ഫിയയില്‍ ടെക്കിയായി ജോലി ചെയ്യുന്ന 37-കാരിയായ ശ്രേയ ദത്തയാണ് ഡീപ്‌ഫേക്ക് വീഡിയോ അടക്കം ഉപയോഗിച്ചുള്ള തട്ടിപ്പിനിരയായത്. യുവാവിന്‍റെ നിര്‍ദേശം അനുസരിച്ച് യുവതി വ്യാജ ക്രിപ്‌റ്റോ ആപ്പില്‍ പണം നിക്ഷേപിക്കുകയായിരുന്നു.
ഡേറ്റിങ് ആപ്പായ ‘ഹിഞ്ചി’ലൂടെ കഴിഞ്ഞ ജനുവരിയിലാണ് ‘ആന്‍സല്‍’ എന്നയാളെ ശ്രേയ ദത്ത പരിചയപ്പെട്ടത്. ഫിലഡെല്‍ഫിയയിലെ വൈന്‍ വ്യാപാരിയാണെന്നാണ് യുവാവ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള സൗഹൃദം വളര്‍ന്ന് വാട്സാപ്പ് നമ്പറുകളും കൈമാറി. വാട്സാപ്പ് നമ്പര്‍ ലഭിച്ചതോടെ യുവാവ് തന്‍റെ ‘ഹിഞ്ചി’ലുള്ള പ്രൊഫൈല്‍ നീക്കം ചെയ്തു. ശ്രേയയ്ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനാണ് പ്രൊഫൈല്‍ നീക്കം ചെയ്തതെന്നും യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. പിന്നീട് ഇരുവരും സെല്‍ഫികള്‍ കൈമാറി.ഇതിനിടെ ചില വിഡിയോ കോളുകളും ചെയ്തു. എന്നാല്‍ വിഡിയോ കോളുകളുടെ ദൈര്‍ഘ്യം കുറവായിരുന്നു. പലപ്പോഴും ഒരു നായയ്‌ക്കൊപ്പമാണ് ‘ആന്‍സല്‍’ വീഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. പക്ഷേ, വിഡിയോകോളില്‍ കണ്ടത് യഥാര്‍ഥ സുഹൃത്തിനെയല്ലെന്ന് യുവതി പിന്നീടാണ് തിരിച്ചറിഞ്ഞത്. ഡീപ്‌ഫേക്ക് ഉപയോഗിച്ചാണ് തട്ടിപ്പുകാരന്‍ ഇത്തരം വീഡിയോകോളുകള്‍ ചെയ്തിരുന്നതെന്നും യുവതി മനസിലാക്കി.
നേരിട്ടു കാണണമെന്ന് ശ്രേയ പറഞ്ഞിരുന്നെങ്കിലും പലപ്പോഴും പല കാര്യങ്ങള്‍ പറഞ്ഞ് യുവാവ് നേരില്‍ കാണുന്നത് ഒഴിവാക്കി. പ്രണയദിനത്തില്‍ സമ്മാനമായി പൂച്ചെണ്ടും ആശംസാകാര്‍ഡും അയച്ചതോടെ യുവതിക്ക് യുവാവിലുള്ള വിശ്വാസം ഇരട്ടിക്കുകയും ചെയ്തു.സൗഹൃദം നല്ലരീതിയില്‍ മുന്നോട്ടുപോകുന്നതിനിടെയാണ് ‘സുഹൃത്ത്’ തന്റെ ചില സ്വപ്നങ്ങളും നിക്ഷേപദ്ധതികളും ശ്രേയയുമായി പങ്കുവെച്ചത്. താന്‍ നല്ലനിലയിലാണെന്നും അതിനാല്‍ നേരത്തെ ജോലി അവസാനിപ്പിക്കാനാണ് തീരുമാനമെന്നുമായിരുന്നു ‘ആന്‍സലിന്റെ’ വാക്കുകള്‍. താന്‍ ഈ പണമെല്ലാം ഉണ്ടാക്കിയത് നിക്ഷേപങ്ങളിലൂടെയാണെന്നും യുവതിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന്, പണം നിക്ഷേപിക്കാനായി ഒരു ക്രിപ്‌റ്റോ ട്രേഡിങ് ആപ്പിന്റെ ലിങ്ക് അയച്ചുനല്‍കി.
യുവതി ഈ ലിങ്കിലൂടെ ക്രിപ്‌റ്റോ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. ‘ടൂ ഫാക്ടര്‍ ഓതന്റിക്കേഷന്‍’ അടക്കം കണ്ടതിനാല്‍ ആപ്പ് വ്യാജമാണെന്ന സംശയമുണ്ടായില്ല. തുടര്‍ന്ന് തന്റെ സമ്പാദ്യത്തിന്റെ ഒരുഭാഗം ക്രിപ്‌റ്റോ ട്രേഡിങ് ആപ്പില്‍ നിക്ഷേപിച്ചു. ആദ്യഘട്ടത്തില്‍ ലാഭമായി കിട്ടിയ പണമെല്ലാം ആപ്പില്‍നിന്ന് പിന്‍വലിക്കാന്‍ യുവതിക്ക് കഴിഞ്ഞിരുന്നു. ഇതോടെ ആപ്പിലുള്ള വിശ്വാസം വര്‍ധിക്കുകയും റിട്ടയര്‍മെന്റ് ഫണ്ടില്‍നിന്നടക്കം പണം നിക്ഷേപിക്കുകയും ചെയ്തു. കൂടുതല്‍ നിക്ഷേപം നടത്താനായി യുവാവ് നിര്‍ബന്ധം തുടര്‍ന്നതോടെ വായ്പയെടുത്തും ക്രിപ്‌റ്റോ ട്രേഡിങ്ങില്‍ നിക്ഷേപം നടത്തി. ഇത്തരത്തില്‍ 4.50 ലക്ഷം ഡോളറാണ് (ഏകദേശം 3.73 കോടി രൂപ) യുവതി ആപ്പില്‍ നിക്ഷേപിച്ചത്. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ സംഭവം തട്ടിപ്പാണെന്ന് യുവതിക്ക് ബോധ്യപ്പെടുകയായിരുന്നു. പിന്നീട് ആപ്പില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനു സാധിക്കാതെ വന്നു. വ്യക്തിഗത നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പണം പിന്‍വലിക്കുന്നത് തടഞ്ഞു.
ഇതോടെ യുവതി ലണ്ടനിലുള്ള തന്റെ സഹോദരനെ വിവരം അറിയിച്ചു. സഹോദരി അയച്ചുനല്‍കിയ ചിത്രങ്ങള്‍ ഉപയോഗിച്ച് ഇദ്ദേഹം ഇന്റര്‍നെറ്റില്‍ ‘റിവേഴ്‌സ് ഇമേജ് സെര്‍ച്ച്’ നടത്തിയതോടെയാണ് ‘ആന്‍സല്‍’ എന്നയാള്‍ അടിമുടി വ്യാജനാണെന്ന് തിരിച്ചറിഞ്ഞത്. ഇയാള്‍ ഉപയോഗിച്ചിരുന്ന ചിത്രങ്ങള്‍ ജര്‍മനിയിലെ ഒരു ഫിറ്റ്‌നെസ് ഇന്‍ഫ്‌ളൂവന്‍സറുടേതാണെന്ന് ‘റിവേഴ്‌സ് ഇമേജ് സെര്‍ച്ചി’ല്‍ സഹോദരന്‍ കണ്ടെത്തിയിരുന്നു. ഈ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ‘ആന്‍സല്‍’ എന്ന പേരില്‍ വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ചിരുന്നതെന്നും വ്യക്തമായി.തട്ടിപ്പില്‍ കുരുങ്ങി പണമെല്ലാം നഷ്ടമായെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ തനിക്ക് കടുത്ത ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടെന്നായിരുന്നു ശ്രേയയുടെ പ്രതികരണം. ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിഞ്ഞില്ലെന്നും യുവതി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.