ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷിതമേഖലയിൽ യുഎസ് എംബസിക്കു സമീപം റോക്കറ്റ് ആക്രമണം. സർക്കാർ ഓഫീസുകളും വിദേശരാജ്യങ്ങളുടെ എംബസികളും പ്രവർത്തിക്കുന്ന ഗ്രീൻ സോണിൽ മൂന്ന് റോക്കറ്റുകൾ പതിച്ചതായാണ് റിപ്പോർട്ടുകൾ. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
യുഎസ് എംബസിക്കു സമീപം ഉൾപ്പെടെ അപായസൂചനയായി സൈറൻ മുഴങ്ങിയെന്ന് പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചു.
ഇതിനോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാനിലെ സൈനികമേധാവി ജനറൽ ഖാസിം സുലൈമാനിയെ വധിച്ച യുഎസ് നടപടിക്കു ശേഷം പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ സങ്കീർണമായിരുന്നു. തിരിച്ചടിയായി ഇറാഖിലെ യുഎസ് സൈനികതാവളങ്ങളിൽ ഇറാൻ ആക്രമണം നടത്തിയിരുന്നു.