ന്യൂഡൽഹി: ഫെമിന മിസ് ഇന്ത്യ ഫൈനൽ മത്സരത്തിനായി തയാറായി 30 സുന്ദരികൾ. കേരളത്തെ പ്രതിനിധീകരിക്കുന്ന അക്ഷത ദാസ് അടക്കം 30 പേരാണ് ഇത്തവണ മിസ് ഇന്ത്യ ഫൈനലിൽ മത്സരിക്കുക. ബിടെക് ബിരുദ ധാരിയായ അക്ഷത നിലവിൽ സൺ നെറ്റ്‌വർക്കിലും ബിഹൈൻഡ് വുഡ്സിനും അവതാരക ആയി ജോലി ചെയ്യുകയാണ്. കണ്ടന്‍റ് ക്രിയേഷൻ, നൃത്തം, യാത്ര എന്നിവയാണ് പ്രിയപ്പെട്ട മേഖലകൾ. നിരവധി പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
മിസ് ഇന്ത്യ മത്സര വിജയിയായിരിക്കും മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക. അഞ്ച് മാസം നീണ്ടു നിന്ന പ്രാദേശിക ഓഡിഷനുകൾക്കും ഓൺലൈൻ സ്ക്രീനിങ്ങിനുമൊടുവിലാണ് ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെമിന മിസ് ഇന്ത്യയുടെ അറുപതാം എഡിഷനാണ് ഇത്തരവണ ഒരുങ്ങുന്നത്.
ഡൽഹി, കൊൽക്കത്ത, ഗ്വാഹട്ടി, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലാണ് ഓഡിഷൻ നടത്തിയത്. 28 സംസ്ഥാനങ്ങളിൽ നിന്നും ഡൽഹിയിൽ നിന്നും കേന്ദ്രഭരണപ്രദേശങ്ങളെ പ്രതിനിധീകരിച്ചുമാണ് 30 പേർ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.