മലയാളായ്മയുടെ സൗന്ദര്യം ആ ഭാഷയുടെ സുന്ദരമായ വശ്യമായ കാവ്യാത്മകതയാണ്. മലയാളിയായി ജനിക്കുന്നു എന്നത് പുണ്യമാകുന്നത് മലയാള ഭാഷ സംസാരിക്കാനോ എഴുതാനോ രണ്ടുമോ കഴിയുന്നു എന്ന് പറയുമ്പോഴാണ്. മറുനാടന്‍ മലയാളി എന്നാല്‍ ഇവ രണ്ടും കഴിയാതെ പോകുന്ന ഒരവസ്ഥയുടെ കൂടെപ്പിറപ്പാകാറുണ്ട്. മറുനാട്ടില്‍ ജനിച്ചു വളര്‍ന്ന മലയാളി മാതാപിതാക്കളുടെ മക്കളായി അവരിലൂടെ മലയാള ഭാഷയും സാഹിത്യവും പരിചയപ്പെടുന്ന മലയാളത്തെ സ്നേഹിക്കുകയും പഠിക്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്ന തീര്‍ത്തും അന്യനാട്ടു മലയാളികളായ കുട്ടികളും മുതിര്‍ന്നവരും കേരളവും മലയാളവും നെഞ്ചേറ്റുന്ന കാഴ്ച അഭിമാനകരമാണ്.
സിംഗപൂരില്‍ ജനിച്ചു, കുട്ടിക്കാലം കുറെനാള്‍ കേരളത്തില്‍ ചെലവഴിച്ചു, സ്നേഹിച്ച ഭാഷയേയും മണ്ണിനെയും വിട്ട് വീണ്ടും സിംഗപ്പൂരില്‍ എത്തിയ, നാളുകളില്‍ പോലും മലയാള ഭാഷാ സ്നേഹം കൈവിടാതെ നിന്ന ഒരമ്മയുടെ കഥ സിംഗപ്പൂര്‍ മലയാളികളുടെ ഇടയിലുണ്ട്. അധികമാരും അറിയാത്തതും എന്നാല്‍ ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും അഭിമാനകരമായ ഒരു എളിയ കാല്‍ വെയ്പ്പിന്‍റെ ചരിത്രമായേക്കാവുന്ന ഒരു പ്രയത്നത്തിന്‍റെ തുടക്കക്കാരിയായ ഒരമ്മ. കുമാരനാശാന്‍ ഇല്ലാതെ മലയാള കവിതാ പ്രസ്ഥാനം ഒന്നുമല്ല എന്നറിയാത്ത കൊച്ചുകുട്ടി പോലുമില്ല. എന്നാല്‍ ബാല്യത്തിന്‍റെ ഓര്‍മ്മകളില്‍ തന്‍റെ അമ്മ പാടി പഠിപ്പിച്ച ആശാന്‍ കവിതകള്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തതാണ് ശാന്താ ഭാസ്കരന്‍ എന്ന ഈ അമ്മ സാഹിത്യത്തിലെ വേറിട്ട കാല്‍വെയ്പ് നടത്തിയിട്ടുള്ളത്. സ്വന്തം മക്കളും ഒപ്പം മലയാളം വായിക്കാന്‍ അറിയാത്ത എല്ലാവരും ആശാന്‍റെ കാവ്യ സപര്യയെ തൊട്ടറിയണം എന്നാ ആഗ്രഹവും ഈ ഉദ്യമത്തിന് പിന്നിലുണ്ട്.
ആശാന്‍റെ വീണപൂവ്, ചാണ്ടാല ഭിക്ഷുകി, ചിന്താവിഷ്ടയായ സീത, എന്നീ കവിതകളാണ് 2010-ല്‍ “Choice of Aasaan”എന്ന പേരില്‍ പുറത്തിറക്കിയത്. ഒരു സിംഗപ്പൂര്‍ മലയാളിയുടെ ആദ്യ ഉദ്യമം ആയിരുന്നു ഇത്. എന്നതിലുപരി ആശാന്‍ കവിതകളുടെ കാവ്യഭംഗിയെ ഏറ്റവുംലളിതമായ ഇംഗ്ലീഷ് കവിതകളായി വിവര്‍ത്തനം ചെയ്യുക എളിയ ശ്രമത്തിന്‍റെ വലിയ വിജയവും. നിരവധി പേര്‍ ഈ കവിതകള്‍ വായിച്ചപ്പോഴാണ് ആശാന്‍റെ കവിതാ ജീവിതത്തെപ്പറ്റി പോലും ആദ്യമായി അറിയുന്നത്. 1908-ല്‍ ആശാന്‍ എഴുതിയ വീണപൂവിനെ 2000-ാ ആണ്ടില്‍ “ഫാളന്‍ ഫ്ലവര്‍” (Fallen Flower)എന്ന പേരില്‍ ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ ആശാന്‍റെ കവിതയിലെ ആശയ ഭംഗിയില്‍ ലളിതമായ വാക്കുകള്‍ കൊണ്ട് ഒരു പുതിയ പതിപ്പ് ഉണ്ടാക്കുവാനാണ് ശാന്താ ഭാസ്കരന്‍ ശ്രമിച്ചത്.
Q: എന്തായിരുന്നു വിവര്‍ത്തനത്തിന്‍റെ പ്രേരണ?
ആശാന്‍റെ കവിതകളോടുള്ള ഇഷ്ടം തന്നെ. അവ മക്കളോട് പറയുമ്പോള്‍ അവരെ കൊണ്ട് ഇംഗ്ലീഷ് മാത്രം വായിക്കാനറിയാവുന്ന അവരെക്കൊണ്ട് അത് വായിപ്പിക്കുക എന്ന ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ. അല്ലാതെ വിവര്‍ത്തനം എന്ന നിലയിലല്ല എഴുതിയത്.
Q:എന്താണ് ആശാന്‍ കവിതകള്‍ തന്നെ തിരഞ്ഞെടുത്തത്?
എന്‍റെ ആമ്മ ആശാന്‍ കവിതകളുടെ വലിയ ആരാധികയായിരുന്നു. ഒട്ടുമിക്ക കവിതകളും അമ്മ ചൊല്ലുമായിരുന്നു. അവയൊക്കെ ഞാന്‍ കേട്ട് പഠിച്ചിട്ടുമുണ്ട്. ഇപ്പോഴും പല പദ്യങ്ങളും കവിതകളും കാണാതെ ചോല്ലാനാവും. ആ ഇഷ്ടം എന്‍റെ കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കും കൂടി വരുത്തുക എന്നാ ഉദ്ദേശമാണ് ഇംഗ്ലീഷിലേക്ക് എഴുതി തുടങ്ങിയത്.
Q: ആശാന്‍റെ കവിതകളെ അതേ രൂപത്തില്‍ വിവര്‍ത്തനം ചെയ്യാന്‍ കഴിഞ്ഞോ?
ഒരിക്കലുമില്ല. ഏറ്റവും ലളിതമായ ഒരു ഭാഷാമാറ്റം മാത്രമേ വരുത്തിയിട്ടുള്ളൂ. കവിതയുടെ അര്‍ത്ഥവും ആശയവും ചോരാതെയാണ് അത് ചെയ്തത്. നൂറു ശതമാനംവിവര്‍ത്തനം നടന്നിട്ടില്ല.
Q: കവിതകളുടെ പേരുകള്‍ പോലും ഇംഗ്ലീഷിലേക്ക് മാറ്റിയിരിക്കുന്നല്ലോ?
അതെ. വീണപൂവ് എന്താണെന്ന് മലയാളി അല്ലാത്ത ഒരാള്‍ക്ക് പറഞ്ഞു കൊടുത്തിട്ട് കവിത വായിക്കാന്‍ പറയുന്നതിനേക്കാള്‍ നല്ലതാണ് അതെന്നു തോന്നി. ചാണ്ടാല ഭിക്ഷുകിയും ചിന്താവിഷ്ടയായ സീതയും ഇതുപോലെ നേരിട്ട് ഇംഗ്ലീഷ് പേരുകളില്‍ ആക്കി.
Q: കവിതകളുടെ സാഹചര്യം കൂടെ കൊടുത്തത് സഹായകമായോ?
തീര്‍ച്ചയായും. കവിത വായിക്കുന്ന മലയാളി അല്ലാത്ത ഒരാള്‍ക്ക് ഏതു കാലത്തും സാഹചര്യത്തിലുമാണ് ആ കവിതയിലെ സംഭവം നടക്കുന്നതെന്ന് എന്നറിയുമ്പോള്‍ കവിത കൂടുതല്‍ ഹൃദ്യമാകും. നമുക്ക് തന്നെ ചണ്ടാല ഭിക്ഷുകി നടന്ന കാലഘട്ടത്തെ കുറിച്ച് അറിയില്ല എങ്കില്‍ കവിത വായിക്കുമ്പോള്‍ അതിനോടു തോന്നാവുന്ന ഇഷ്ടം കുറയാം.
Q: വിവര്‍ത്തന സാഹിത്യം ഇഷ്ടമായോ ?
ഇത് ഒരു സാഹിത്യ രൂപത്തിന്‍റെ വശത്ത് നിന്ന് ചെയ്തതല്ല. ഞാന്‍ പറഞ്ഞില്ലേ, എന്‍റെ കുട്ടികള്‍ക്കും പെരക്കുട്ടികള്‍ക്കുമായി ഭാഷ മാറ്റിയെഴുതി എന്‍റെ മക്കളും, മരുമക്കളും, ശ്രീ എം.കെ ഭാസിയെ പോലുള്ള സാഹിത്യം ഇഷ്ടമുള്ള എല്ലാവരുടെയും സ്നേഹപൂര്‍ണമായ പിന്തുണയില്‍എനിക്ക് എഴുതാന്‍ ധൈര്യം കിട്ടി എന്ന് പറയുന്നതാവും നല്ലത്.
Q: വിവര്‍ത്തനമല്ലാത്ത രചനകള്‍ ചെയ്തിട്ടുണ്ടോ?
ഇല്ല എന്നു തന്നെ പറയാം. ഇതു എഴുത്തിലെ എന്‍റെ തുടക്കം എന്നൊന്നും പറയാന്‍ പറ്റില്ല. അതിനു ശേഷംഒന്നും എഴുതിയതുമില്ല. പിന്നിട് പുതിയ പതിപ്പിലേക്ക് മൂന്ന് കവിതകള്‍കൂടി ചേര്‍ത്തത് മാത്രമാണ് പുതിയ എഴുത്ത്.
Q: എന്തായിരുന്നു വായനക്കാരുടെ പ്രതികരണം.
ഞാന്‍ പ്രതീഷിച്ചതിലും കൂടുതല്‍. രണ്ടായിരം കോപ്പികള്‍ അച്ചടിച്ചു. രണ്ടു പതിപ്പുകളായി. ഇനി ഒരു അഞ്ഞൂറ് കോപ്പികള്‍ എന്‍റെ പക്കം ഉണ്ട്. ബാക്കി എല്ലാം വിതരണം ചെയ്തു. പക്ഷെ അതിന്‍റെ വില മുഴുവന്‍ സംഭാവനകളായി വിവിധ സംഘടനകള്‍ക്ക് നല്‍കുകയാണ് പതിവ്.
ആശാന്‍കവിതകള്‍ എത്തുന്നതിലാണ് എന്‍റെ സന്തോഷം. മലയാളികള്‍ക്ക് പുറമേ ഇന്ത്യകാരും വിദേശികളുമായി നിരവധിപ്പേര്‍ ബുക്ക്‌വായിച്ചതായി എനിക്ക് നേരിട്ട് അറിയാം. കുറെ നോര്‍ത്ത് ഇന്ത്യക്കാരായ സിംഗപൂരിയന്‍സ് ബുക്കിനെ പറ്റി എന്നോട് നേരില്‍ സംസാരിച്ചിട്ടുണ്ട്. അപ്പോള്‍ വലിയ സന്തോഷം തോന്നി
Q: മലയാളികള്‍ ബുക്കിനെ പറ്റി എന്ത് പറഞ്ഞു.
അടുത്ത ചിലര്‍ നന്നായി എന്നു പറഞ്ഞു. എത്ര പേര്‍ ബുക്ക്‌വായിച്ചിട്ടുണ്ട് എന്ന് അറിയില്ല. എല്ലാരും വായിക്കട്ടെ. ആശാന്‍റെ കവിതകള്‍. എല്ലാ മലയാളികളും വായിക്കണം. അതാണ്‌ഈ ബുക്കിന്‍റെ ഉദ്ദേശം .
Q: എന്താണ് പുതിയ എഴുത്തുകാരോട് പറയനുള്ളത് ?
എല്ലാ നല്ല ബുക്കുകളും വായിക്കുക. എഴുതുക