നെല്‍സണ്‍ മണ്ടേല എന്ന പേര് കേള്‍ക്കുമ്പോള്‍ കേവലം ഒരു മുന്‍ രാഷ്ട്രപതി മാത്രമല്ല ആഫ്രിക്കന്‍ ജനതയുടെ മനസ്സില്‍. അധസ്ഥിത വര്‍ഗ്ഗത്തിന്‍റെ വിമോചനത്തിനു വേണ്ടി പോരാടി നീണ്ട 27 വര്‍ഷങ്ങള്‍ ജയില്‍ വാസം അനുഭവിച്ച് ലോക മനസാക്ഷിയിന്മേല്‍ സാന്ത്വനത്തിന്‍റെയും ആര്‍ദ്രതയുടെയും കയ്യൊപ്പ് ചാര്‍ത്തിയ ധീരനായ പോരാളിയാണ്. സാമ്രാജ്യത്വ ശക്തികളുടെ അടിമത്വത്തിന്‍റെ ചാട്ടവാറില്‍ നിന്നും ആഫ്രിക്കന്‍ ജനതയ്ക്ക് സ്വാതന്ത്ര്യത്തിന്‍റെ വീര ചരിതമെഴുതിയ ധീര നേതാവ്. 95 വര്‍ഷത്തെ ജീവിതത്തിനു ശേഷം തിരശീലയ്ക്ക് അപ്പുറത്തേക്ക് യാത്രയായെങ്കിലും യാഥാര്‍ത്ഥ്യമെന്ന് മനസ്സാ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ഒരു മരണ വാര്‍ത്ത. 1918 ജൂലൈ 18 ന് തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തില്‍ ജനിച്ചു ഫോര്‍ട്ട് ഹെയര്‍, വിറ്റര്‍ വാട്ടര്‍ എന്നീ സര്‍വകലാശാലകളില്‍ നിയമ പഠനം പൂര്‍ത്തിയാക്കിയ മണ്ടേല ജോഹന്നാസ്ബര്‍ഗില്‍ താമസിക്കുന്ന കാലഘട്ടത്തില്‍ തന്നെ സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയത്തില്‍ തല്‍പ്പരനായിരുന്നു. ആഫ്രിക്കന്‍ നാഷണല്‍ കോണ്ഗ്രസ്സിന്‍റെ യുവജന സംഘടനയുടെ സ്ഥാപകരില്‍ പ്രമുഖനായ അദ്ദേഹം 1948 ലെ കടുത്ത വര്‍ണ്ണ വിവേചനത്തിന്‍റെ കാലയളവില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്ഗ്രസ്സിന്‍റെ പ്രമുഖ സ്ഥാനത്തേക്ക് എത്തിച്ചേര്‍ന്നു. പ്രാരംഭ കാലഘട്ടത്തില്‍ അക്രമത്തിന്‍റെ പാതയിലൂടെയുള്ള സമരമാര്‍ഗ്ഗം സ്വീകരിച്ച മണ്ടേലയെ രാജ്യദ്രോഹം പോലെയുള്ള കുറ്റങ്ങള്‍ ചുമത്തി നിരവധി തവണ ജയിലില്‍ അടച്ചിട്ടുണ്ട്. വിധ്വംസന പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിക്കപ്പെട്ട് 27 വര്‍ഷം തടവില്‍ അടക്കപ്പെട്ടു.
ആഫ്രിക്കന്‍ നാഷണല്‍ കൊണ്ഗ്രസ്സിന്‍റെയും അവരുടെ സായുധ വിഭാഗമായ ഉംഖോണ്ടോ വിവിസ് വേയുടെയും നേതാവായിരുന്നു മണ്ടേല. വര്‍ണ്ണ വിവേചനത്തിന് എതിരെ പോരാടിയ നേതാവിനെ സ്വാതന്ത്ര്യത്തിന്‍റെയും തുല്യതയുടെയുടെയും പ്രതീകമായി കരുതുമ്പോള്‍ തന്നെ വര്‍ണ്ണ വിവേചനത്തെ അനുകൂലിച്ചവര്‍ അദ്ദേഹത്തെ കമ്യൂണിസ്റ്റ് തീവ്രവാദിയായി മുദ്രകുത്തി.
മണ്ടേലയുടെ ജീവിതത്തില്‍ ഒട്ടേറെ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു മഹാത്മാഗാന്ധി. സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഉള്‍പ്പെടെ അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങളും അംഗീകാരങ്ങളും എണ്ണമറ്റതാണ്. ഭാരത രത്ന ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തി, നോബല്‍ സമ്മാനം ലഭിക്കുന്നതിനു മുന്‍പ് ഭാരത രത്ന ലഭിക്കുന്ന ഏക വിദേശീയന്‍ എന്നീ ബഹുമതികള്‍ക്കും അര്‍ഹനായി. ലോംഗ് വാക് ടു ഫ്രീഡം ആണ് ആത്മകഥ.
ജയില്‍ മോചിതനായ ശേഷം ദക്ഷിണാഫ്രിക്കയിലെ എല്ലാ ജനവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി 1994 ഏപ്രില്‍ 27ന് നടത്തിയ ആദ്യത്തെ ജനാധിപത്യ തെരഞ്ഞെടുപ്പില്‍ വിജയിക്കയും 1994 മേയ് 10ന് ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ രാഷ്ട്രപതിയായി സ്ഥാനമേല്‍ക്കയും ചെയ്തു. തന്‍റെ ഭരണ കാലത്ത് വര്‍ണ്ണ വിവേചനത്തില്‍ നിന്നും ന്യൂനപക്ഷ ഭരണത്തില്‍ നിന്നും രാജ്യത്തെ ഐക്യത്തിലെക്ക് നയിച്ചത് അന്താരാഷ്‌ട്ര ശ്രദ്ധയാകര്‍ഷിച്ചു.
ലോകജനതയുടെ സ്വാതന്ത്ര്യത്തിനായി അദേഹം നടത്തിയ പ്രയത്നങ്ങളോടുള്ള ആദര സൂചകമായി മണ്ടേലയുടെ ജന്മദിനമായ ജൂലൈ 18 മണ്ടേല ദിനമായി ആചരിക്കുമെന്ന് 2009 ല്‍ യു.എന്‍ പൊതുസഭ പ്രഖ്യാപിച്ചിരുന്നു.
കറുത്ത വര്‍ഗ്ഗത്തിനും വെളുത്ത വര്‍ഗ്ഗത്തിനും ഇടയിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതാക്കുകയും സാധാരണ പൗരന്മാര്‍ക്ക് അവകാശപ്പെട്ട എല്ലാ നീതിയും കറുത്തവര്‍ക്കും ലഭിക്കണമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടുള്ള സമര്‍പ്പിതമായ ഒരു ജീവിതമായിരുന്നു മണ്ടേല നയിച്ചത്.
മരണമില്ലാത്ത ആദര്‍ശങ്ങള്‍ മുറുകെ പിടിച്ചു അധസ്ഥിത വര്‍ഗ്ഗത്തെ നെഞ്ചോട് ചേര്‍ത്ത് ജീവിച്ച മഹാനായ നേതാവ് യശശരീരനായ നെല്‍സണ്‍ മണ്ടേലക്ക് ഒരു വലിയ സല്യൂട്ട്.