കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം പക്ഷെ സംഗതി സത്യമാണ്. ഭൂമിയെയും ചന്ദ്രനെയും ബന്ധിപ്പിച്ചുകൊണ്ട് 4ജി കണക്ഷന്‍ അടുത്തവര്ഷം. അടുത്ത വര്‍ഷം ചന്ദ്രനെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന മൊബൈല്‍ കണക്ഷന്‍ നിലവില്‍ വരുമെന്നാണ് റോയിട്ടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടെലകോം കമ്പനിയായ വോഡഫോണ്‍ ജര്‍മ്മനി, ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ, ഓട്ടോമൊബൈല്‍ രംഗത്തെ ഭീമന്‍ ഔഡി എന്നിവര്‍ സംയുക്തമായാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ബെര്‍ലിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പിടിഎസ് സയന്റിസ്റ്റ് എന്ന സ്ഥാപനും പദ്ധതിയോട് സഹകരിക്കുന്നുണ്ട്. ഒരു കിലോഗ്രാം ഭാരമുള്ള ഉപകരണം (space-grade Ultra Compact Network) 2019ല്‍ ചന്ദ്രനില്‍ എത്തിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. നോക്കിയയാണ് ഇത് നിര്‍മ്മിക്കുന്നത്. സ്വകാര്യ റോക്കറ്റ് വിക്ഷേപണ കമ്പനിയായ എലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സാകും ഉപകരണം ചന്ദ്രനിലെത്തിക്കുക. സംയുക്ത സംരംഭം വിജയിച്ചാല്‍ ചന്ദ്രനിലെത്തുന്ന ആദ്യ സ്വകാര്യ പദ്ധതിയാകും ഇത്.ഭൂമിയിലെ പല സ്ഥലത്തും 4ജി കവറേജ് കിട്ടാത്ത സമയത്താണ് ചന്ദ്രനില്‍ മൊബൈല്‍ കണക്ഷന്‍ നല്‍കാന്‍ പോകുന്നത് എന്നത് വേറെ കാര്യം.