റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ വിമാനാപകടം; 41 മരണം

0

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ വിമാനാപകടത്തിൽ 2 കുട്ടികളുൾപ്പെടെ 41 മരണം. ആഭ്യന്തര സർവീസ് നടത്തുന്ന റഷ്യൻ നിർമിത സുഖോയ് സൂപ്പർജെറ്റ് വിമാനമാണ് അപകടത്തിൽ പെട്ടത്. ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടം.

മോസ്കോയിൽ നിന്നും റഷ്യയുടെ വടക്ക് പടിഞ്ഞാറൻ നഗരമായ മർമാൻസ്കിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തിൽപെട്ടത്.പറന്നുയര്‍ന്നയുടന്‍ തീപിടിച്ചതിനെ തുടര്‍ന്ന്, അടിയന്തര ലാന്‍ഡിങ്ങിന് അനുമതി ലഭിച്ചെങ്കിലും ആദ്യതവണ ലാന്‍ഡിങ് ശ്രമം പരാജയപ്പെടുകയായിരുന്നു. രണ്ടാം തവണത ശ്രമത്തിലാണ് വിമാനത്തിന് ലാന്‍ഡ് ചെയ്യാനായത്. അപ്പൊഴേക്കും തീ പടര്‍ന്നിരുന്നു.

വിമാനത്തിൽ 78 യാത്രക്കാരും 5 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനിടെയാണ് അപകടം നടന്നത്. മരിച്ചവരിൽ വിമാനത്തിലെ ജീവനക്കാരും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. പൊള്ളലേറ്റതിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

വിമാനത്തിനു വലിയതോതിൽ തീ പിടിച്ചതും കറുത്ത കട്ടിയേറിയ പുകച്ചുരുളുകൾ ആകാശത്തേക്ക് ഉയരുന്നതുമായ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

37 യാത്രക്കാര്‍ രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് ഒടുവില്‍ കിട്ടിയ വിവരം. 11 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ടേക്ക്ഓഫിനു ശേഷം ചില പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് വിമാനം അടിയന്തിരമായി നിലനിറത്തുകയായിരുന്നു.