മതമില്ലാത്ത നിലവിളക്കും ഗംഗയും കുഞ്ഞാമിനയും

0

 

തന്റെ മതവിശ്വാസത്തിന് നിരക്കുന്നതല്ല എന്ന് പറഞ്ഞ് നമ്മുടെ വിദ്യാഭ്യാസമന്ത്രി ഒരു പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യാന്‍ വിസമ്മതിച്ചതായിരുന്നു കാര്യങ്ങളുടെ തുടക്കം. ഇത് നാട്ടിലെ മുഖ്യ മതേതരവാദികളെയും സംഘപരിവാരങ്ങളെയും ഒരുപോലെ ചൊടിപ്പിച്ചു. ഗംഗ എന്ന് പേരുള്ള ഔദ്യോഗിക വസതിയില്‍ അദ്ദേഹം താമസിക്കാന്‍ വിസമ്മതിക്കുകയും ആ വീടിന്റെ പേര് ഗ്രെയ്സ് എന്നാക്കിമാറ്റാന്‍ തീരുമാനിക്കുകയും ആ മാറ്റം സര്‍ക്കാര്‍ അനുവദിച്ചുകൊടുക്കുകയും കൂടി ചെയ്തതോടെ സംഗതി പിന്നെയും വഷളായി. നമ്മുടെ മതേതരത്വത്തിന്റെ തകര്‍ച്ചയായിട്ടാണ് ഇത് പൊതുവേ വിലയിരുത്തപ്പെട്ടത്. ഗംഗ എന്ന പേരിന് എന്താണൊരു കുഴപ്പം എന്നും അതൊരു നദിയുടെ പേരല്ലേ എന്നും തുടങ്ങി നമ്മുടെ മഹത്തായ ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായ ഗംഗ എന്ന പേര് മാറ്റാന്‍ പറയുന്ന ആള്‍ രാജ്യദ്രോഹിയാണെന്ന് വരെ പോയി വാദങ്ങള്‍.

മതേതരത്വം എന്നതുകൊണ്ട് നാം മനസ്സിലാക്കുന്നത് എന്താണ് എന്നതിന്റെ യഥാര്‍ത്ഥചിത്രം പതുക്കെപ്പതുക്കെ മറനീക്കി പുറത്തുവന്നുകൊണ്ടേയിരുന്നു. നിലവിളക്ക് കൊളുത്തി ഒരു പരിപാടി ഉദ്ഘാടനം ചെയ്യുന്നത് തികച്ചും മതേതരമായ ഒരു ചടങ്ങായി, ഒരു തരത്തിലും എതിര്‍ക്കപ്പെടാന്‍ പറ്റാത്ത ഒരാചാരമായി, മിക്കവരും കണക്കാക്കി. നിലവിളക്ക് കൊളുത്താന്‍ തയ്യാറാകായ്ക വര്‍ഗ്ഗീയതയും സെക്ടേറിയനിസവുമായി മുദ്രകുത്തപ്പെട്ടു. ഗംഗ എന്ന പേരും അതുപോലെത്തന്നെ. വര്‍ഗ്ഗീയതയല്ല ഇത് വെറും വിവരദോഷമാണ് എന്ന അഭിപ്രായക്കാരും ധാരാളമുണ്ടായിരുന്നു. ഇയാളുടെ വിവരക്കേട് ഇയാള്‍ അറിയുന്നില്ല, ഇയാളോട് പൊറുക്കേണമേ എന്നായിരുന്നു അവരുടെ നിലപാട്. സര്‍ക്കാര്‍ വീടായതുകൊണ്ട് മന്ത്രിയുടെ ഇഷ്ടത്തിന് ആ വീടിന്റെ പേര് മാറ്റാന്‍ വകുപ്പില്ല എന്നാണ് മറ്റൊരു വാദം.