ഉപദേശിയുടെ സ്പിരിറ്റ്; കരക്കാരുടെ

0

ശ്യാമ എന്ന പഴയ ജോഷി ചിത്രത്തില്‍ മമ്മൂട്ടി വിശ്വനാഥന്‍ എന്ന സിനിമക്കാരനാണ്. തിരക്കഥ രചിക്കാന്‍ ഊട്ടിയില്‍ വന്ന് താമസിക്കുന്ന വിശ്വനാഥനോട് അപ്പുക്കുട്ടന്‍ എന്ന വേലക്കാരന്‍(മാള അരവിന്ദന്‍ ) ചോദിക്കുന്ന നിഷ്കളങ്കമായ ഒരു ചോദ്യമുണ്ട്.

”ഈ തിരക്കിട്ട് എഴുതുന്നതാണോ സര്‍ തിരക്കഥ?”
അതേയെന്നോ അല്ലെന്നോ പറയാത്ത ഒരു ചിരിയില്‍ വിശ്വനാഥന്‍ അപ്പുക്കുട്ടനെ നിശബ്ദനാക്കിക്കളഞ്ഞുവെങ്കിലും സ്പിരിറ്റ് എന്ന രഞ്ജിത്ത് ചിത്രം കണ്ടിറങ്ങുമ്പോള്‍ നമ്മളും ഒരു അപ്പുക്കുട്ടനായിപ്പോകും.
ഒരു സിനിമ തിയറ്ററിലെത്തിക്കഴിയുമ്പോള്‍ അടുത്ത സിനിമയുടെ പണി തുടങ്ങുന്നതിനാല്‍ തിരക്കോട് തിരക്കായതുകൊണ്ടാവാം രഞ്ജിത്തിന് ടി.വി കാണാന്‍ സമയം കിട്ടാത്തത്. അല്ലെങ്കില്‍ മനോരമാ ന്യൂസിലെ ജോണി ലൂക്കോസിന്റെ ‘നേരേ ചൊവ്വേ’യോ, ഇന്ത്യാവിഷനിലെ വീണാ ജോര്‍ജിന്റെ ‘മുഖാമുഖ’മോ, റിപ്പോര്‍ട്ടര്‍ ടി.വിയിലെ വേണു ബാലകൃഷ്ണന്റെ ‘ക്ളോസ് എന്‍കൌണ്ടറോ’ ഏതെങ്കിലും ഒന്ന് ഒരു തവണയെങ്കിലും അദ്ദേഹം കണ്ടു നോക്കുമായിരുന്നു. തിരക്കല്ലേ, ഇതൊക്കെ കണ്ടിട്ടേ തിരക്കഥ എഴുതാവൂ എന്ന് നമുക്കെങ്ങനെയാ ശഠിക്കാന്‍ പറ്റുക.
അത്യാവശ്യം കാശും കോഴിക്കോട് നഗരത്തില്‍ പോഷ് വില്ലയുമുള്ളയാളായതിനാല്‍ അതിരാവിലെ എഴുന്നേറ്റ് ബിവറേജസിന് മുന്നില്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയൊന്നും രഞ്ജിത്തിനുണ്ടാവില്ല. അതുകൊണ്ട് ക്യൂവില്‍ നില്‍ക്കുന്നവനെ എങ്ങനെ അവതരിപ്പിക്കും എന്ന ആശങ്കയും മൂപ്പര്‍ക്കുണ്ടായില്ല എന്നത് ഒരു തെറ്റായി പറയാന്‍ കഴിയില്ല.
പടത്തിന് കള്ള്, ചാരായം, വെള്ളമടി, പൂക്കുറ്റി, ആനമയക്കി തുടങ്ങിയ സംസ്കാര സമ്പന്നമായ പേരുകള്‍ ഒന്നുമിടാതെ ‘സ്പിരിറ്റ്’ എന്ന് തന്നെയിടുകയും രഞ്ജിത്ത് തന്നെ സംവിധാനം ചെയ്യുകയും മോഹന്‍ലാല്‍ നായകനാവുകയും ചെയ്യുമ്പോഴേ പ്രേക്ഷകന് കാര്യം മനസ്സിലാകും. ഇതൊരു വെള്ളമടി കേസാണ് എന്ന്. എന്നിട്ടും അതല്ല എന്ന് തോന്നിപ്പിക്കാന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ഷോ ദ സ്പിരിറ്റ്’ എന്ന ടോക് ഷോയും അതിന്റെ അവതാരകനായ രഘുനന്ദന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത് ഒരു ദ്വയാര്‍ത്ഥ പ്രയോഗം പോലെയാണ്. സദാ വെള്ളത്തില്‍ കഴിയുന്ന നായകനെ അയാള്‍ താമസിക്കുന്ന കോളനിയിലെ അയല്‍ക്കാര്‍ വിളിക്കുന്നതുതന്നെ ‘താമര’ എന്നാണ്. സദാസമയവും വെള്ളത്തില്‍ കഴിയുന്നവനെ വിശേഷിപ്പിക്കാന്‍ രഞ്ജിത്തിന്റെ സമ്മാനമായി ഒരു വാക്കുദാരത.
ആളുകളെ ചാനലില്‍ വിളിച്ചിരുത്തി വഹിച്ച് ഇല്ലാതാക്കുന്ന പരിപാടിയാണ് ‘ഷോ ദ സ്പിരിറ്റ്’. ടോക് ഷോകള്‍ കണ്ടുപരിചയമുള്ള പ്രേക്ഷകനറിയാം അതില്‍ കൂടുതല്‍ സംസാരിക്കാറ് അവതാരകനല്ല മറുസീറ്റില്‍ ഇരിക്കുന്നയാളാണ് എന്ന്. ബുദ്ധിമാനാണ് നായകന്‍. അയാള്‍ തെളിവ് സഹിതം ചോദ്യം ചോദിച്ച് എതിരാളിയെ കൊന്നു കൊലവിളിക്കുന്നയാളാണ്. രണ്ട് ഷോയിലൂടെ അയാളുടെ ‘അസാമാന്യ’ പാടവം രഞ്ജിത്ത് അവതരിപ്പിക്കുന്നു. അത് രണ്ടിലും പഴയ ഏഴാം ക്ളാസിലെ മാഷെപ്പോലെ ചോദ്യവും ഉത്തരവും എല്ലാം അവതാരകന്‍ തന്നെയങ്ങ് നിര്‍വഹിക്കുകയാണ്. ഒന്നില്‍ ഒരു രാഷ്ട്രീയ നേതാവിന്റെ നിഗൂഢ ജീവിതവും രണ്ടാമത്തേതില്‍ ഒരു വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ ധാര്‍ഷ്ട്യവുമാണ് രഘുനന്ദന്‍ അത്യുഗ്രന്‍ ഡയലോഗുകളിലൂടെയും സാരോപദേശങ്ങളിലൂടെയും അടിച്ചുടയ്ക്കുന്നത്. രണ്ട് ഷോയും കണ്ടിരിക്കാന്‍ കഴിയാത്തത്ര അരോചകം. ടി.വിയായിരുന്നെങ്കില്‍ ചാനല്‍ മാറ്റാമായിരുന്നു. കാശ് മുടക്കി തിയറ്ററില്‍ കയറിയവന്‍ കണ്ടോണ്ടിരിക്കുകയല്ലാതെ മറ്റെന്തു ചെയ്യും?