കാണ്‍പൂര്‍: ഐഎന്‍എ, റാണി ലക്ഷ്മി റെജിമെന്റ് എന്നിവയിലൂടെ സ്വാതന്ത്യ്രപോരാളികളുടെ വീരനായികയായി മാറിയ ക്യാപ്റ്റന്‍ ലക്ഷ്മി എന്ന ഡോ. ലക്ഷ്മി സൈഗാള്‍ അന്തരിച്ചു. 97 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കാണ്‍പൂരിലെ ആശുപത്രിയില്‍ തിങ്കളാഴ്ച പകല്‍ പതിനൊന്നരക്കായിരുന്നു അന്ത്യം.
സിപിഐ എം ഉത്തര്‍പ്രദേശ് സംസ്ഥാന കമ്മറ്റി അംഗമായിരുന്നു. പ്രശസ്ത അഭിഭാഷകന്‍ ഡോ. സ്വാമിനാഥന്‍, പൊതുപ്രവര്‍ത്തക പൊന്നാനി ആനക്കര വടക്കുവീട്ടില്‍ അമ്മു സ്വാമിനാഥന്‍ എന്നിവരുടെ മകളായി 1914 ഒക്ടോബര്‍ 24ന് പഴയ മദ്രാസില്‍ ആയിരുന്നു ലക്ഷ്മിയുടെ ജനം. സ്വാതന്ത്രസമരസേനാനികളുളള കുടുംബത്തില്‍ നിന്നും വന്നതുകൊണ്ടുതന്നെ ചെറുപ്പകാലം മുതലേ ലക്ഷ്മി സ്വാതന്ത്യ്രപോരാട്ടങ്ങളില്‍ സജീവമായിരുന്നു. വിദേശവസ്ത്രങ്ങളുടെ ബഹിഷ്കരണം, മദ്യവ്യാപാരകേന്ദ്രങ്ങളുടെ ഉപരോധം തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങളില്‍ ലക്ഷ്മി പങ്കെടുത്തു. 1938ല്‍ മദ്രാസ് മെഡിക്കല്‍കോളേജില്‍ നിന്ന് എംബിബിഎസ് കരസ്ഥമാക്കി. പിന്നീട് ഗൈനക്കോളജിയിലും പ്രസവചികിത്സയിലും ഡിപ്ളോമനേടിയ ലക്ഷ്മി യാദൃഛികമായാണ് സിംഗപ്പുരിലെത്തിയത്.
1943ല്‍ സുബാഷ്ചന്ദ്രബോസ് സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്നതോടെയാണ് ഐഎന്‍എയുമായി അടുക്കുന്നത്. സിംഗപ്പൂരില്‍ ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിനായി പ്രവര്‍ത്തിക്കുന്ന വനിതാ സൈനിക സംഘം രൂപീകരിക്കാന്‍ സുബാഷ് ചന്ദ്രബോസ് തീരുമാനിച്ചതിനെ തുടര്‍ന്നായിരുന്നു ലക്ഷ്മി ക്യാപ്റ്റന്‍ ലക്ഷ്മിയായി മാറുന്നത്. 1944 മാര്‍ച്ച് 14ന് ബ്രിട്ടീഷ് സൈന്യം പിടികൂടിയ ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ദേശീയ നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് 1946ല്‍ ജയില്‍ മോചിതയായി.
സ്വാതന്ത്യ്രാനന്തരം കോണ്‍ഗ്രസില്‍ നിന്നകന്ന് കാണ്‍പുരില്‍ ക്ളിനിക്കും പൊതുപ്രവര്‍ത്തനവുമായി കഴിയുമ്പോഴാണ് സിപിഐ എം അനുഭാവിയാകുന്നത്. പ്രമുഖ സിപിഐ എം നേതാവായിരുന്ന ബി ടി രണദിവെയുമായി പരിചയപ്പെട്ടത് മാര്‍ക്സിസത്തിലുള്ള വിശ്വാസം ഊട്ടിയുറപ്പിച്ചു. സിപിഐ എമ്മിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടങ്ങിയ ലക്ഷ്മി 70ല്‍ പാര്‍ടി അംഗമായി. പിന്നീട് യുപി സംസ്ഥാന കമ്മിറ്റി അംഗമായി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ വൈസ് പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ക്യാപ്റ്റന്‍ ലക്ഷ്മി പ്രായാധിക്യം വകവയ്ക്കാതെ അടുത്തകാലം വരെ പ്രക്ഷോഭസമരങ്ങളുടെ മുന്‍പന്തിയിലുണ്ടായിരുന്നു. സുബാഷ് ചന്ദ്രബോസിന്റെ ആസാദ് ഹിന്ദി സര്‍ക്കാരില്‍ സാമൂഹ്യക്ഷേമമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
1946ല്‍ ഐഎന്‍എയില്‍ സഹപ്രവര്‍ത്തകനായിരുന്ന പ്രേംകുമാര്‍ സൈഗാളിനെ വിവാഹം ചെയ്തു. വിഖ്യാത നര്‍ത്തകി മൃണാളിനി സാരാഭായിയാണ് ക്യാപ്റ്റന്‍ ലക്ഷ്#മിയുടെ സഹോദരി. സ്വാതന്ത്യ്രാനന്തരം കമ്യൂണിസ്റ് നേതാവായി ഉയര്‍ന്ന ക്യാപ്റ്റന്‍ ലക്ഷ്മിയെ 1998ല്‍ രാഷ്ട്രം പത്മവിഭൂഷന്‍ നല്‍കി ആദരിച്ചു. 2002 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥി#ായായിരുന്നു.