ലക്ഷ്മി ഡോക്ടറെ ക്യാപ്റ്റനാക്കിയ സിംഗപ്പൂര്‍

0

 

സ്വാതന്ത്ര്യപ്രക്ഷോഭം ലക്ഷ്യത്തോടടുക്കുന്ന കാലം. അലയടിച്ചുയരുന്ന പ്രക്ഷോഭതരംഗത്തില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യക്കാര്‍ വിദേശമേധാവിത്വം കടപുഴക്കിയെറിയാനുള്ള ജീവന്മരണപോരാട്ടത്തില്‍. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സമാധാനപരമായ സമരങ്ങള്‍ക്കുപുറമെ യുവ വിപ്ലവകാരികളുടെ സായുധപോരാട്ടവും ശക്തമായി. ഈ സന്ദര്‍ഭത്തിലാണ് കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ സംഘടിപ്പിച്ച് രൂപീകരിച്ച ഇന്ത്യന്‍ ദേശീയസേന (ഐഎന്‍എ) ബ്രിട്ടീഷ് സേനയ്ക്കെതിരെ പടനീക്കമാരംഭിച്ചത്. ഐഎന്‍എയുടെ വനിതാവിഭാഗമായ റാണി ലക്ഷ്മി റെജിമെന്റിന്റെ പടനായികയായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി.
 
മദ്രാസ് മെഡിക്കല്‍ കോളേജില്‍നിന്ന് വൈദ്യശാസ്ത്രപഠനം കഴിഞ്ഞ് യാദൃച്ഛികമായാണ് ഡോ. ലക്ഷ്മി സിംഗപ്പൂരിലെത്തിയത്. ഈ യാത്ര ലക്ഷ്മിയുടെ ജീവിതത്തില്‍ വഴിത്തിരിവായി. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനവുമായി അടുത്ത ബന്ധമുള്ള കുടുംബത്തില്‍ അംഗമായ ലക്ഷ്മി സിംഗപ്പൂരിലുണ്ടായിരുന്ന കെ പി കേശവമേനോനും കുടുംബവുമായി അടുത്തു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി സിംഗപ്പൂരിലെ ഇന്ത്യക്കാര്‍ നടത്തിവന്ന പ്രവര്‍ത്തനങ്ങളില്‍ ലക്ഷ്മിയും ഭാഗഭാക്കായി. ലേഡി ഡോക്ടറുടെ കുറവുണ്ടെന്ന് അവിടത്തെ സുഹൃത്തുക്കള്‍ പറഞ്ഞപ്പോള്‍ അവിടെ തുടരാന്‍തന്നെ തീരുമാനിച്ചു. 1941ല്‍ രാഷ്ബിഹാരി ബോസ് ഇന്ത്യാ സ്വാതന്ത്ര്യ ലീഗ് സ്ഥാപിച്ചതുമുതല്‍ ലക്ഷ്മി അതിന്റെ പ്രവര്‍ത്തകയായി. രണ്ടാം ലോകയുദ്ധം കിഴക്കനേഷ്യയിലേക്കും കടന്നതോടെ ലീഗിന്റെ നേതൃത്വത്തില്‍ സിംഗപ്പൂരില്‍ അഭയാര്‍ഥികളുടെ ക്യാമ്പുകള്‍ സ്ഥാപിക്കുന്നതിന് ലക്ഷ്മിയും മുന്‍കൈയെടുത്തു. ഒരു ഡോക്ടറെന്ന നിലയില്‍ ലക്ഷ്മിയുടെ സേവനങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ട സന്ദര്‍ഭമായിരുന്നു അത്. രാഷ്ബിഹാരി ബോസ് ഇന്ത്യ സ്വാതന്ത്ര്യ ലീഗ് സ്ഥാപിച്ച സമയത്തുതന്നെ ജപ്പാന്റെ സഹായത്തോടെ ജനറല്‍ മോഹന്‍സിങ് ഐഎന്‍എയും രൂപീകരിച്ചു. ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തില്‍ ഉദ്യോഗസ്ഥനായിരുന്നു മോഹന്‍സിങ്. ജപ്പാന്റെ മുന്നേറ്റത്തില്‍ തിരിച്ചടി നേരിട്ട ബ്രിട്ടന്‍ കിഴക്കനേഷ്യന്‍ യുദ്ധമേഖലയില്‍ ഇന്ത്യന്‍ ഭടന്മാരെ നിര്‍ത്തി പിന്‍വലിയുകയായിരുന്നു. അങ്ങനെ തഴയപ്പെട്ട് ജപ്പാന്റെ പിടിയിലായ ഇന്ത്യന്‍ സൈനികരെ സംഘടിപ്പിച്ചാണ് ഐഎന്‍എ രൂപീകരിച്ചത്.
 
ഇതോടെ സ്വതന്ത്ര്യലീഗിന്റെയും ഐഎന്‍എയുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് രാഷ്ബിഹാരി ബോസ് അധ്യക്ഷനായി പ്രവര്‍ത്തകസമിതി രൂപീകരിച്ചു. പിന്നീട് ജപ്പാനുമായി തെറ്റിയ മോഹന്‍സിങ് അവരുടെ തടവിലാവുകയും ഐഎന്‍എയുടെ പ്രവര്‍ത്തനം അധ്യക്ഷന്‍ രാഷ്ബിഹാരി ബോസിലൊതുങ്ങുകയും ചെയ്തു. തുടര്‍ന്ന് ലക്ഷ്മിയുടെയും മറ്റും സഹായത്തോടെയാണ് ബോസ് ഐഎന്‍എയും ലീഗും പുനഃസംഘടിപ്പിച്ചത്. ലീഗും ഐഎന്‍എയും പ്രതിസന്ധി അതിജീവിച്ചുവെന്ന് ഉറപ്പുവരുത്തിയശേഷം രാഷ്ബിഹാരി ബോസ് സുഭാഷ്ചന്ദ്രബോസിനെ ക്ഷണിച്ചുവരുത്തി അവയുടെ നേതൃത്വം കൈമാറി. അതോടെയാണ് ലക്ഷ്മി സുഭാഷ്ചന്ദ്രബോസിന്റെ വിശ്വസ്ത സഹപ്രവര്‍ത്തകയായത്. 1943 ജൂലൈയില്‍ സുഭാഷ് ഐഎന്‍എയുടെ നേതൃത്വം ഏറ്റെടുത്തതോടെ ആറാഴ്ചകൊണ്ട് അതിന്റെ അംഗബലം 30,000ല്‍നിന്ന് 60,000 ആയി ഉയര്‍ന്നു. സേനയുടെ പ്രവര്‍ത്തനത്തില്‍ സ്ത്രീകളെയും പങ്കെടുപ്പിക്കാന്‍ സുഭാഷ് തീരുമാനിച്ചു. ഇതിന്റെ നേതൃത്വം ഏല്‍പ്പിച്ചത് ലക്ഷ്മിയെയാണ്. അങ്ങനെ ജൂലൈയില്‍തന്നെ ഐഎന്‍എയുടെ വനിതാ വിഭാഗമായി ലക്ഷ്മി ക്യാപ്റ്റനായ റാണി ലക്ഷ്മി റെജിമെന്റ് രൂപീകരിക്കപ്പെട്ടു. അതോടെ ഡോക്ടര്‍ ലക്ഷ്മി ക്യാപ്റ്റന്‍ ലക്ഷ്മിയായി.
 
അതേവര്‍ഷം ഒക്ടോബര്‍ 21ന് സിംഗപ്പൂരിലെ കാതേ തിയറ്റില്‍ സുഭാഷ് സ്വതന്ത്രഭാരതത്തിന് ഒരു താല്‍ക്കാലിക പ്രവാസ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ ലക്ഷ്മിയും അതില്‍ അംഗമായിരുന്നു. രണ്ടാം ലോകയുദ്ധത്തിന്റെ അവസാനവേളയില്‍ ഒന്നൊന്നായി ഇന്ത്യന്‍ പ്രദേശങ്ങള്‍ മോചിപ്പിക്കാന്‍ ഐഎന്‍എ ഭടന്മാര്‍ പടനീക്കം ആരംഭിച്ചു. വഴിയില്‍ ലക്ഷ്മിയും സംഘവും ബ്രിട്ടീഷ് സൈന്യത്തിന്റെ പിടിയിലായി. ദേശീയ നേതാക്കളുടെ സമ്മര്‍ദത്തെതുടര്‍ന്ന് 1946ല്‍ മോചിപ്പിക്കപ്പെട്ട ലക്ഷ്മി മാര്‍ച്ചില്‍ കല്‍ക്കത്തയില്‍ വന്നിറങ്ങി. തുടര്‍ന്ന് പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായി.