സിംഗപ്പൂര്‍ :ഇന്ത്യന്‍ തൊഴിലന്വേഷകരുടെയും തൊഴില്‍ സംരംഭകരുടെയും പറുദീസകളിലൊന്നായ സിംഗപ്പൂറില് വിസാനിയമങ്ങള്‍ കര്‍ക്കശമാക്കുന്നു. സിംഗപ്പൂരിലെ മൊത്തം ജനസംഖ്യയുടെ 9.2 ശതമാനം, അഥവാ, 3,53,000 പേര് ഇന്ത്യക്കാരാണ്. ഇത്രയും വലിയൊരു തൊഴില്മേഖലയായിരിക്കെ, അവിടത്തെ കുടിയേറ്റ, വിസാ നിയമങ്ങള്‍ കര്‍ക്കശമാക്കുന്നത് ഏറ്റവുമേറെ ബാധിക്കുക ഇന്ത്യന്‍ തൊഴിലന്വേഷകരെയായിരിക്കുമെന്നതില് സംശയമില്ല.
തൊഴിലാളികളുടെ ഗുണനിലവാരവും പ്രവര്‍ത്തനക്ഷമതയും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിസാ നിയമങ്ങളില്‍ കാര്‍ക്കശ്യം വരുത്തുന്നതെന്നാണ് സിംഗപ്പൂര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ നിലപാട്. എന്നാല്‍, ഇക്കാര്യത്തില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും ചില മേഖലകളെ മാത്രമേ നിയന്ത്രണം ബാധിക്കൂ എന്നും തൊഴില്‍ മന്ത്രാലയം പറഞ്ഞിട്ടുണ്ട്.
അതുപോലെ തന്നെ, വിദേശതൊഴിലാളികളുടെ എണ്ണം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സിംഗപ്പൂര്‍ തൊഴില്‍കാര്യമന്ത്രി ടാന്‍ ചുവാന്‍ ജിന്‍ പറയുന്നു. വിദേശതൊഴിലാളികളുടെ സഹായത്തോടെയാണ് സിംഗപ്പൂര്‍ തൊഴില്‍മേഖല പുഷ്ടിപ്പെട്ടുനില്ക്കുന്നതെന്നതും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.