പാലക്കാട് സ്വദേശി സുന്ദരേഷ് മേനോന് സിംഗപ്പൂര് സുപ്രീംകോടതി ജഡ്ജി

0
പാലക്കാട്: സിംഗപ്പൂരിലെ സുപ്രീം കോടതി ജഡ്ജിയായി മലയാളിയായ സുന്ദരേഷ് മേനോന്‍  ചുമതലയേല്‍ക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ഈ അന്‍പതുകാരന്‍.  സിംഗപ്പൂരിലെ അറ്റോര്‍ണി ജനറലായിരുന്ന മേനോനെ സുപ്രീം കോടതിയിലെ ജഡ്ജ് ഓഫ് അപ്പീലായി സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ ഓഫിസ് കഴിഞ്ഞ ദിവസമാണു പ്രഖ്യാപിച്ചത്. 
 
അറ്റോര്‍ണി ജനറലാണു സിംഗപ്പൂര്‍ സര്‍ക്കാരിന്റെ മുഖ്യ നിയമോപദേഷ്ടാവും പബ്ളിക് പ്രോസിക്യൂട്ടറും. ഈ പദവി വഹിച്ച ആദ്യ ഇന്ത്യന്‍ വംശജനും ഇദ്ദേഹമാണ്.     സിംഗപ്പൂരിലെ വിദേശകാര്യ സര്‍വീസില്‍ ഉദ്യോഗസ്ഥനായിരുന്ന പാലക്കാട് കരിങ്കരപ്പുള്ളി പരേതനായ കുന്നത്ത് കുഞ്ഞുണ്ണി മേനോന്റെയും (കെ.കെ.മേനോന്‍) വടവന്നൂര്‍ സ്വദേശി ശാന്തകുമാരിയുടെയും മകനായ സുന്ദരേഷ് മേനോന്‍ ജനിച്ചതും പഠിച്ചതുമെല്ലാം സിംഗപ്പൂരിലാണ്. 
 
നാഷനല്‍ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരില്‍ നിന്ന് 1986ല്‍ ഫസ്റ്റ് ക്ളാസ് ഓണേഴ്സോടെ നിയമബിരുദവും ഹാവാര്‍ഡ് ലോ സ്കൂളില്‍ നിന്നു 1991ല്‍ മാസ്റ്റര്‍ ബിരുദവും നേടി. 1987ല്‍ സിംഗപ്പൂര്‍ സുപ്രീം കോടതിയില്‍ അഭിഭാഷകനായി.  സുപ്രീം കോടതിയിലെ ജുഡീഷ്യല്‍ കമ്മിഷണറായും സേവനമനുഷ്ഠിച്ചു.