ചൈനാടൌണ്‍ : SBS മെട്രോ റെയില്‍ സംവിധാനത്തിലെ സിഗ്നലിംഗ് തകരാര്‍ മൂലം നോര്‍ത്ത് ഈസ്റ്റ് ലൈനിലെ ട്രെയിനുകള്‍ പണി മുടക്കിയത് ജനജീവിതം ദുസ്സഹമാക്കി . രാവിലെ പത്തു മണിയോടെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും പിന്നീട് അത് വൈകുന്നേരംവരെ വരെ നീട്ടിയത് മൂലം ആയിരങ്ങള്‍ പെരുവഴിയിലായി .സൗജന്യ ഷട്ടില്‍ സര്‍വീസുകള്‍ നടത്തിയത് മൂലം ഒരു പരിധിവരെ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞു എന്ന് SBS അറിയിച്ചു .കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന് ശേഷമേ വെളിപ്പെടുത്താന്‍ കഴിയുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചെങ്കിലും സമീപ കാലയളവില്‍ ഉണ്ടായ ട്രെയില്‍ ഗതാഗത പ്രശ്നങ്ങള്‍ മൂലം ജനങ്ങള്‍ രോഷാകുലരാണ് .കമ്പനിയുടെ കെടുകാര്യസ്ഥതയാണ് ഇതിനു കാരണം എന്ന് ഒരു വിഭാഗം പറയുമ്പോള്‍ ജനങ്ങളുടെ സുരക്ഷയെപ്രതിയാണ് ഗതാഗതം തടസ്സപ്പെടുത്തി പരിശോധന നടത്തുന്നതെന്ന് അധികൃതര്‍ പറയുന്നത് .
ഏറ്റവും തിരക്കുള്ള ഓഫീസ് സമയത്ത് ഹൌഗാന്ഗ് സ്റ്റേഷനില്‍ ഒരു മണിക്കൂറോളം വൈകിയാണ് ട്രെയിന്‍ ഓടിയത്.കൂടാതെ ട്രെയിന്‍ ഗതാഗത തകരാറിനെ കുറിച്ച് ചൈനാടൌണ്‍ സ്റ്റേഷനില്‍ യാതൊരു അറിയിപ്പും ഉണ്ടായില്ല എന്ന് യാത്രക്കാര്‍ പറയുന്നു .സിംഗപ്പൂരിന്‍റെ വടക്ക് ഭാഗത്തെ സിറ്റിയുമായി ബന്ധിപ്പിക്കുന്ന ഈ മെട്രോ സര്‍വീസ് മുടങ്ങുന്നത് സിംഗപ്പൂരിനെ സാരമായി തന്നെ ബാധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ ഡിസംബറില്‍ SMRT സര്‍വീസിനുണ്ടായ സാങ്കേതിക തകരാര്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ വളരെ കാര്യാക്ഷമതയോടെ അന്വേഷിച്ചു വേണ്ട മുന്‍കരുതലുകള്‍ എടുത്തതിനു തൊട്ടു പിന്നാലെയാണ് ഇന്നുണ്ടായ ഈ സംഭവം.